അമ്മയും മകനും ഒരേ സമയം സര്ക്കാര് ജോലിയില് പ്രവേശിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില് തന്നെ ഒരു പക്ഷെ ആദ്യമായിരിക്കും.
ഈ അപൂര്വ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് അരീക്കോട് സൗത്ത് പുത്തലത്ത് വീട്ടില് ബിന്ദുവും മകന് വിവേകും.
അംഗന്വാടിവാടി ജീവനക്കാരിയായ ബിന്ദു എന്ന നാല്പ്പത്തി ഒന്നുകാരിക്ക് കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച എല്.ജി.എസ് ലിസ്റ്റില് തൊണ്ണൂറ്റി രണ്ടാം റാങ്കാണുള്ളത്.
എല്.ഡി.സി ലിസ്റ്റിലുള്ള ഇരുപത്തി നാല് വയസുകാരന് വിവേകിന് മുപ്പത്തിഎട്ടാം റാങ്കും. ഒരേ കോച്ചിംഗ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം.
11 വര്ഷമായി അംഗന്വാടി അധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സര്ക്കാര് ജോലിയില് കയറണമെന്നായിരുന്നു ആഗ്രഹം.
2011 ല് ബിന്ദുഅരീക്കോട് പ്രതീക്ഷ പിഎസ്സി സെന്ററില് പരിശീലനത്തിനായി ചേര്ന്നു.വീട്ടുജോലികള്ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു.
2019ല് ബി.എസ്.സി ജ്യോഗ്രഫി പഠനം പൂര്ത്തിയാക്കി വീട്ടില് വെറുതെ ഇരുന്ന വിവേകും അമ്മയ്ക്ക് ഒപ്പം പി.എസ്.സി പരീശീലന കേന്ദ്രത്തില് എത്തി.
ജോലിയുള്ളതിനാല് ഞായറാഴ്ചകളില് മാത്രമാണ് ബിന്ദു കോച്ചിങ് സെന്ററില് പോകാന് കഴിഞ്ഞത്. എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാല് താന് പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും.
പരീക്ഷയ്ക്ക് നാല് മാസം മുന്പ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിങ് സെന്ററില് പോയി. തിരിച്ച് വന്നു വീട്ടുജോലി കഴിഞ്ഞാല് ഇരുവരും ഒരുമിച്ചിരുന്നും പഠനം, തുടര്ന്നു.
അങ്ങനെ അമ്മയും മകനും കമ്പയിന്സ്റ്റഡി നടത്തിയാണ് സര്ക്കാര് ജോലി എന്ന കടമ്പയിലെക്ക് ഒരുമിച്ച് ചാടി കടന്നത്.ഹിന്ദു ഒ.ബി.സിക്കാര്ക്ക് 39 വയസ് വരെ പി.എസ്.സിക്ക് അപേക്ഷിക്കാം.
2019ല് എല്.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോള് ബിന്ദുവിന് പ്രായം മുപ്പത്തിയെട്ട് വയസ്്. 2021 ഡിസംബറില് 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്.
പരീക്ഷ കഴിഞ്ഞപ്പോള് നല്ല റാങ്ക് പ്രതീക്ഷിച്ചു.മുന്പ് എല്.ജി.എസും എല്.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്.
ബിന്ദുവിന്റെ ഭര്ത്താവ് ചന്ദ്രന് കെ.എസ്.ആര്.ടി.സി ജീവനക്കാരനാണ്. അമ്മയ്ക്കും മകനും ജോലി ലഭിച്ചതോടെ വീട്ടിലെ സര്ക്കാര് ജോലിക്കാര് മൂന്നായി.
സ്വപ്നമായ സര്ക്കാര് ജോലിയില് പ്രവേശിക്കാനുള്ള അഡൈ്വസ് മെമോ കാത്തിരിക്കുകയാണ് ഈ അമ്മയും മകനും.