വഴിയരികില്‍ കണ്ട വയോധികയെ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ് പോലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരേ പരാതി.
അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയില്‍ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്.
ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ അമ്മയ്ക്കൊപ്പം അടൂര്‍ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു.
കഴിഞ്ഞ 14ന് രാത്രിയാണ് ഇയാള്‍ വഴിയില്‍ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പോലീസിനെ ഏല്‍പ്പിക്കുന്നത്.
അജികുമാര്‍ എന്ന യഥാര്‍ത്ഥ പേര് മറച്ചുവച്ചാണ് പോലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ വഴിയില്‍ നില്ക്കുന്ന വയോധികയെ സഹായിക്കാന്‍ എത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്.
കണ്ട്രോള് റൂമില്‍ ഇയാള്‍ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. തുടര്‍ന്ന് പോലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ ആക്കി.
വയോധികയെ ജനസേവന കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചത് താനാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങുകയായിരുന്നു.
തുടര്‍ന്ന് മദ്യപിച്ചു അഗതിമന്ദിരത്തില്‍ എത്തിയ ഇയാള്‍ വയോധികയുടെ കയ്യിലുള്ള രേഖകള്‍ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.
ഇതോടെ സംശയം തോന്നിയ അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു.
അങ്ങനെയാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. അമ്മയെ നോക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം. മദ്യപിച്ചു ബഹളം വച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്.