കങ്ങഴ: വിദേശത്തുള്ള മകൻ വൃദ്ധരായ മാതാപിതാക്കളെ ഫോണിൽ വിളിച്ച് വീട്ടിൽനിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നാട്ടുകാർ സംഭവമറിഞ്ഞതോടെ പോലീസിന്റെ ഇടപെടലിൽ വൃദ്ധർക്ക് താമസമൊരുക്കി. പത്തനാട് ഇലയ്ക്കാടിന് സമീപമാണ് സംഭവം.
വിദേശത്ത് ജോലി ചെയ്യുന്ന മകൻ ഇന്നലെ രാവിലെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് താൻ അടുത്ത ദിവസം നാട്ടിലെത്തുമെന്നും, ഉടൻ തന്നെ വീട്ടിൽനിന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാതാപിതാക്കൾ വീടുവിട്ടിറങ്ങി. എന്നാൽ പോകാനിടമില്ലാത്ത ഇവർ റോഡിൽനിന്ന് നിലവിളിച്ചതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
തുടർന്ന് നാട്ടുകാരിൽ ചിലർ കറുകച്ചാൽ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വൃദ്ധരായ മാതാപിതാക്കളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവരെ സാന്ത്വനിപ്പിച്ച പോലീസ് മകൻ വരുന്നതുവരെ വീട്ടിൽതന്നെ താമസിക്കാൻ നിർദേശം നൽകി. അടുത്ത ദിവസം നാട്ടിലെത്തുന്ന മകനുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് കറുകച്ചാൽ എസ്ഐ ജർലിൻ സ്കറിയ പറഞ്ഞു.