കമ്പ്യൂട്ടർ ഗെയിമിന് അടിമയായി വീട്ടിൽപോലും വരാതെ സദാസമയവും കമ്പ്യൂട്ടർ കഫേയിൽ സമയം ചിലവഴിക്കുന്ന മകന് അവിടെയെത്തി ഭക്ഷണം വാരി നൽകി ഒരമ്മ. ഫിലിപ്പിൻസ് സ്വദേശിയായ 37കാരി ലില്ലിബെത്ത് മാർവൽ എന്ന അമ്മയാണ് 13വയസുള്ള തന്റെ മകനെ ഭക്ഷണം കഴിപ്പിക്കാൻ അൽപ്പം പാടുപെടുന്നത്.
വീടിനു സമീപത്തുള്ള ഒരു കമ്പ്യൂട്ടർ കഫേയിലാണ് ഇവരുടെ മകൻ മണിക്കൂറുകൾ ചെലവഴിക്കുന്നത്. വീട്ടിൽ പോലും വരാതെ ഭക്ഷണം പോലും കഴിക്കാതെയുള്ള മകന്റെ പെരുമാറ്റത്തിൽ ആശങ്കാകുലയായ അമ്മ, മകന് ഭക്ഷണം കമ്പ്യൂട്ടർ കഫേയിലെത്തി വാരി നൽകുകയായിരുന്നു.
അമ്മ വാരി നൽകിയ ഭക്ഷണം കഴിച്ചു കൊണ്ടും മകൻ കമ്പ്യൂട്ടർ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അമ്മ ഭക്ഷണം വാരി നൽകുമ്പോൾ ഗെയിമിലുള്ള തന്റെ ശ്രദ്ധമാറാതിരിക്കുവാൻ മകൻ ഭക്ഷണം കഴിക്കുവാൻ വിസമ്മതിക്കുന്നതും വീഡിയോയിൽ കാണാം.
കുട്ടിയുടെ മാതാപിതാക്കളെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകാത്തത് എന്നാണ് ഭൂരിഭാഗമാളുകളും ആരായുന്നത്. എന്നാൽ മകന്റെ ഈ സ്വഭാവം മാറുവാൻ തങ്ങൾ ഒരു പാട് കാര്യങ്ങൾ ചെയ്തതാണെന്ന് ലില്ലിബെത്ത് വ്യക്തമാക്കി.