റായ്പുർ: ഛത്തീസ്ഗഡിൽ അമ്മയെ വെട്ടിനുറുക്കി നരബലി നടത്തി ചോരകുടിച്ച യുവാവിനായി തെരച്ചിൽ ശക്തമാക്കി പോലീസ്. കോർബ ജില്ലയിൽ ഡിസംബർ 31നാണു നിഷ്ഠുരമായ കൊലപാതകം നടന്നത്. ദിലീപ് യാദവ്(27) എന്നയാളാണു അമ്മ സുമരിയ(50)യെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. കൊലപാതകം നേരിൽകണ്ട അയൽവാസിയിൽനിന്നാണു വിവരം പുറത്തറിഞ്ഞത്.
സുമരിയയെ കാണുന്നതിനാണ് അയൽവാസി സമീരൻ യാദവ് എന്ന സ്ത്രീ ഇവരുടെ വീട്ടിലെത്തിയത്. സമീരൻ മിക്കപ്പോഴും സുമരിയയെ കാണാനെത്താറുണ്ടായിരുന്നു. അന്നേദിവസം വീട്ടിലെത്തിയപ്പോൾ അസാധാരണ ശബ്ദം കേട്ട് എത്തിനോക്കിയപ്പോൾ ദിലീപ് അമ്മയെ മഴുകൊണ്ട് തലയിലും കഴുത്തിലും നെഞ്ചിലും വെട്ടിനുറുക്കുന്നതായിരുന്നു കണ്ടത്.
പ്രാണനുവേണ്ടി അമ്മ പിടയുന്പോൾ ദിലീപ് അമ്മയുടെ ശരീരത്തിൽനിന്നു പുറത്തേക്കൊഴുകിയ രക്തം കുടിക്കാൻ ശ്രമിക്കുന്നതാണു സമീരൻ കണ്ടത്. ഭയന്നുവിറച്ചുപോയ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സമീരൻ അവിടെനിന്ന് ഓടി സ്വന്തം വീട്ടിലേക്കു പോയി. ദിലീപ് അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കിയശേഷം ശരീരം കത്തിച്ചുകളഞ്ഞു.
മൂന്നു ദിവസത്തിനുശേഷം സമീരൻ തന്റെ മരുമകനോട് കാര്യങ്ങൾ വെളിപ്പെടുത്തി. ഇയാളാണു സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത് കരിഞ്ഞ എല്ലിൻകഷണങ്ങളും രക്തക്കറകളും മാത്രമാണ്. സമീപത്തുനിന്ന് പൂജാ സാധനങ്ങളും മാംസാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നടന്നത് ആഭിചാരത്തിന്റെ ഭാഗമായുള്ള നരബലിയാണെന്ന നിഗമനത്തിലാണു പോലീസ്.
നരബലിയെക്കുറിച്ച് ദിലീപ് മിക്കപ്പോഴും സംസാരിക്കാറുണ്ടായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. അമ്മ മന്ത്രവാദിനിയാണെന്നും അവർമൂലമാണു തന്റെ അച്ഛനും സഹോദരനും മരിച്ചതെന്നും ദിലീപ് പറയാറുണ്ടായിരുന്നു. ഇയാളുടെ ഭാര്യ പിണങ്ങിപ്പോയതും അമ്മയുടെ പ്രവൃത്തികൾ മൂലമാണെന്നായിരുന്നു ദിലീപ് വിശ്വസിച്ചിരുന്നത്.