സ്വന്തം പേര് ഇഷ്ടമല്ലാത്തവരും ഇഷ്ടമുള്ളവരും നമുക്ക് ചുറ്റുമുണ്ട്. മാതാപിതാക്കളോ ബന്ധുക്കളോ ആണ് കുട്ടികൾക്ക് സാധാരണ പേരിടുന്നത്. എന്നാൽ വളർന്ന് വരുമ്പോൾ ഈ പേരുകൾ കുട്ടികൾക്ക് ഇഷ്ടമായെന്ന് വരില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ പേര് മാറ്റാനുള്ള സംവിധാനമുണ്ടെങ്കിലും പലരും അതിന് മെനക്കെടാറില്ലന്നതാണ് സത്യം.
ന്യൂമറോളജി വിശ്വാസങ്ങളുമായി ബന്ധപ്പെട്ടും അല്ലെങ്കില്‍ മതം മാറ്റവുമായി ബന്ധപ്പെട്ടും പേര് മാറ്റുന്നവരുണ്ട്. എന്നാൽ രക്ഷിതാക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ നിര്‍മ്മിച്ച യുകെയിലെ അടിസ്ഥാനമാക്കിയ മോംസ്നെറ്റ് എന്ന വെബ്സൈറ്റില്‍ തന്റെ മകന്റെ പേരിനെ ചൊല്ലിയുള്ള പ്രശ്നം ഒരമ്മ അവതരിപ്പിച്ചു.
നാല് വയസുകാരനായ അരുടെ മകന് സ്വന്തം പേരിനോട് വെറുപ്പാണ്. ആരും പേര് വിളിക്കുന്നത് അവന് ഇഷ്ടമില്ല. പേര് നല്ലതാണെന്ന് എത്ര പറഞ്ഞിട്ടും അവന് വിശ്വാസം വരുന്നില്ല. ഇതിന് ഇനി എന്താണ് താൻ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു.
ഇവരുടെ അടുത്ത ബന്ധുവിന്റെ പേരാണ് മകന് ഇട്ടിരിക്കുന്നത്. എന്നാൽ ജെയ്ക് എന്ന ആ പേരിൽ ആരും തന്നെ വിളിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടമല്ല. തനിക്ക് മറ്റുള്ളവരുടെ പേര് വേണ്ടെന്നും സ്വന്തമായൊരു പേര് വേണമെന്നുമാണ് കുട്ടിയുടെ ആവശ്യം. അവന്റെ അച്ഛനാണ് പേര് തെരഞ്ഞെടുത്തത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അതിനാല്‍ അവന് പേരിനെ കുറിച്ച് പറയുമ്പോഴെല്ലാം അവന്റെ അച്ഛനെ കുറിച്ചാണ് ഓര്‍മ്മവരുന്നതെന്നും അവർ പറഞ്ഞു.
ജെയ്ക്കെന്ന പേരിന് പകരം ഇവാൻ മതിയെന്നാണ് കുട്ടിയുടെ ആവശ്യം. എന്നാൽ ഈ പേരിൽ അവൻ ഉറച്ച് നിൽക്കുമോ? ഇപ്പോൾ തന്നെ പേര് മാറ്റേണ്ടതുണ്ടോ എന്നിങ്ങനെയുള്ള സംശ്യങ്ങളാണ് മോംസ്നെറ്റിലൂടെ അവർ ചോദിച്ചത്. എന്നാൽ പേര് ഇപ്പോൾ മാറ്റേണ്ടതില്ലെന്നും വളർന്നു വരുമ്പോൾ ഇത് പ്രശ്നമാണെന്ന് അവന് തോന്നിയാൽ അവൻ തന്നെ മാറ്റിക്കോളുമെന്നുമാണ് ആളുകൾ പ്രതികരിച്ചത്.