ലണ്ടൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിന്റെ ഹോട്ട് സണ്‍ ആയി കൊറിയൻ താരം സണ്‍ ഹ്യൂങ് മിൻ. സണ്ണിന്റെ ഗോളിൽ ടോട്ടനം സ്വന്തം മൈതാനത്ത് നടന്ന ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ ക്വാർട്ടറിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 0-1നു കീഴടക്കി. 13-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റികിക്ക് തുലച്ച സെർജിയോ അഗ്വെയ്റോ സിറ്റിക്ക് ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി.
സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിക്കാതിരുന്നത് സിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചേക്കും. യൂറോപ്യൻ ലീഗിലെ നോക്കൗട്ട് മത്സരങ്ങളിൽ ആദ്യ പാദത്തിൽ ജയിച്ചപ്പോഴൊക്കെ ടോട്ടനം അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഇംഗ്ലീഷ് എതിരാളിക്കെതിരേ യൂറോപ്യൻ പോരാട്ടത്തിനിറങ്ങിയ കഴിഞ്ഞ അഞ്ച് തവണയും സിറ്റിക്ക് ജയിക്കാൻ സാധിച്ചിട്ടില്ല.
പ്രീമിയർ ലീഗ് മുൻനിരക്കാരായ ടോട്ടനവും സിറ്റിയും കൊന്പുകോർത്തപ്പോൾ പന്തടക്കത്തിലൊഴിച്ച് ആതിഥേയർക്കായിരുന്നു ആധിപത്യം. 55-ാം മിനിറ്റിൽ ഫാബിയാൻ ഡെൽഫുമായുള്ള കൂട്ടിയിടിയിൽ കണങ്കാലിൽ ചവിട്ടേറ്റ് പരിക്കുമായി ഹാരി കെയ്ൻ കളംവിട്ടത് ടോട്ടനത്തിന് ക്ഷീണമായി. എന്നാൽ, 78-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിന്റെ പാസിൽനിന്ന് സണ്‍ ഹ്യൂങ് മിൻ നിലംപറ്റെയുള്ള ഷോട്ടിലൂടെ വല കുലുക്കി. സണ്‍ ആണ് മാൻ ഓഫ് ദ മാച്ച്.
പ്രീമിയർ ലീഗിൽ 80 പോയിന്റുമായി സിറ്റി രണ്ടാമതും 64 പോയിന്റുമായി ടോട്ടനം നാലാമതുമാണ്. അടുത്ത ബുധനാഴ്ച രാത്രി 12.30ന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം.
സണ്‍ 18
സീസണിൽ ടോട്ടനത്തിനായി സണ്‍ നേടുന്ന 18-ാം ഗോളാണ് സിറ്റിക്കെതിരേ പിറന്നത്. 40 മത്സരത്തിൽനിന്നാണിത്. 2017-18 സീസണിൽ 53 മത്സരങ്ങളിൽനിന്ന് 18 ഗോൾ നേടിയിരുന്നു. സിറ്റിക്കെതിരായ മത്സരത്തിൽ നാല് തവണ ഷോട്ടുതിർത്ത കൊറിയൻ താരം അതിൽ രണ്ടെണ്ണം ഗോളിലേക്കായിരുന്നു ലക്ഷ്യംവച്ചത്.
2008-09നുശേഷം ചാന്പ്യൻസ് ലീഗിൽ ഏറ്റവും അധികം പെനൽറ്റി നഷ്ടപ്പെടുത്തിയ താരമെന്ന നാണക്കേട് അഗ്വെയ്റോയ്ക്ക് ലഭിച്ചു (നാല്). ടോട്ടനം ഗോളി ഹ്യൂഗോ ലോറിസ് 2019ൽ നേരിട്ട മൂന്ന് പെനൽറ്റിയും രക്ഷപ്പെടുത്തി.