ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ ആ അമ്മ പറന്നെത്തി. യെമനി പൗരയായ ഷൈമയ്ക്ക് മകനേ കാണാൻ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് യുഎസിലേക്കുള്ള യാത്രാനുമതി നൽകുകയായിരുന്നു. നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്.