ആയേര: സ്വവർഗരതിയെ എതിർത്ത പിതാവിനെ മകൻ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ആയേര ഗ്രാമത്തിലാണ് സംഭവം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ മകൻ മൃതദേഹം കത്തിച്ചതിന് ശേഷം പെട്ടിയിലാക്കി ഉപേക്ഷിച്ചു.
മൃതദേഹം പാതി കത്തിയ നിലയിൽ പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മെയ് നാലിന് കൊലപാതകം നടന്നെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അന്വേഷിക്കാനായി മൂന്ന് പോലീസ് ടീമിനെ രൂപപ്പെടുത്തിയിരുന്നു.
കാണാതായ വ്യക്തിയുടെ അടയാളങ്ങളുമായി സാമ്യം കണ്ടെത്തിയതോടെയാണ് മരിച്ചയാളെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകനാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
മോഹൻലാൽ ശർമ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ അജിത് സുഹൃത്തുക്കളുമായി ചേർന്ന് പിതാവിനെ അടിച്ചുകൊല്ലുകയായിരുന്നു. അജിത്തും സംഘവും ഞായറാഴ്ച പോലീസ് പിടിയിലായി. ഇവരുടെ കൈയിൽ നിന്ന് രണ്ട് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി.