തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നതായി പരാതി. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിൽ എരൂർ വടക്കേ വൈമീതിയിലുള്ള വീട്ടിലാണ് സംഭവം.
ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവർ പിതാവ് ഷൺമുഖൻ (67) നെ തനിച്ചാക്കി വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയതാണെന്ന് പറയുന്നു. ഇന്നലെ പകൽ സമയം കഴിഞ്ഞിട്ടും ഇവർ എത്താതായതോടെ അയൽ വീടുകളിലെ ആളുകൾ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കഴിഞ്ഞ രാത്രിയിൽ ഷൺമുഖന് ഭക്ഷണം നൽകിയത്.
മകന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ വേളാങ്കണ്ണിയിലാണെന്ന് പറഞ്ഞതായി അറിയുന്നു. വിവരമറിഞ്ഞ് ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ 10 ഓടെ ഷൺമുഖനെ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി.
ഉത്തരവാദിത്വപ്പെട്ടവർക്കെതിരേ ആവശ്യമായ നടപടികളെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഷൺമുഖനും മകനും കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയത്. പിതാവിനെ കൂടാതെ പഴയ തുണികളും വീട്ടിൽ ഉപേക്ഷിച്ചിട്ടുണ്ട്.