ഉത്തര മലബാറിലെ ക്ഷേത്രമുറ്റങ്ങളില്‍ പൂരക്കളിച്ചുവടുകള് ഉയരുമ്പോള്‍ ഒരു കലാകാരന് ഭ്രഷ്ട് കല്പ്പിച്ചിരിക്കുന്ന സംഭവം പുരോഗമന കേരളത്തിനാകെ അപമാനകരമാവുകയാണ്.
മകന് അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ചാണ് കണ്ണൂരിലെ വിപ്ലവഗ്രാമമായ കരിവെള്ളൂരിലെ ക്ഷേത്രത്തിലെ പൂരക്കളിയില്നിന്നു വിനോദിനെ വിലക്കിയത്.
കരിവെള്ളൂര്‍ കുണിയന്‍, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരാണ് അറിയപ്പെടുന്ന പൂരക്കളി കലാകാരനായ വിനോദ്.
ഇതര മതത്തില്‍പ്പെട്ട യുവതി വീട്ടിലുള്ളപ്പോള്‍ പണിക്കരെ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്.
ഇവരെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിച്ചാലേ പൂരക്കളിക്ക് അവസരം നല്കത്തുള്ളൂ എന്നു പൂരക്കളി കമ്മിറ്റി പറയുന്നു.
മകനെ വീട്ടില്‍നിന്നും ഇറക്കിവിടത്തില്ലെന്നും അങ്ങനെ ക്ഷേത്രത്തില്‍ പോകാന്‍ താല്പര്യമില്ലെന്നും വിനോദ് പണിക്കര്‍ പറഞ്ഞു.
മകന് വിവാഹം കഴിച്ച 2019ല്‍ തന്നെ വിലക്ക് സൂചന നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു.
36 വര്‍ഷമായി ക്ഷേത്രങ്ങളില്‍ പൂരക്കളി കളിക്കാറുണ്ട് വിനോദ്. മകന്റെ വിവാഹത്തിന്റെ പേരില്‍ മതത്തിന്റെയും പേര് പറഞ്ഞു കലാകാരനെ മാറ്റി നിര്‍ത്തിയ സംഭവം വിവാദമായിരിക്കുകയാണ്.
ക്ഷേത്ര കമ്മറ്റിയുടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.
കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തില്‍ ഇക്കൊല്ലത്തെ പൂരോത്സവത്തിനായി നേരത്തെ തന്നെ വിനോദ് പണിക്കരെ നേരത്തേ തന്നെ ഏല്പിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് പകരം മറ്റൊരാളെ ആക്കിയത്.
ക്ഷേത്ര പൊതുയോഗത്തില്‍ അഭിപ്രായം പറഞ്ഞ ഭൂരിഭാഗം പേരും കമ്മിറ്റി തീരുമാനത്തെ എതിര്‍ത്തെങ്കിലും ഒടുവില്‍ ദേവപ്രശ്നത്തിലൂടെ തീരുമാനമെടുക്കാമെന്ന നിലപാടിലേക്കെത്തി.
ദേവപ്രശ്നത്തിലെ തീരുമാന പ്രകാരമാണ് വിലക്കെന്നാണ് ഇപ്പോള്‍ കമ്മിറ്റിയുടെ വിശദീകരണം. എന്തായാലും സംഭവം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.