സെബി മാത്യു
ന്യൂഡൽഹി: മകനേ മടങ്ങി വരൂ, എന്നൊരു പരസ്യം കൊടുത്തു കാത്തിരിക്കാനാകുമായിരുന്നില്ല സതീഷ് ചന്ദ് എന്ന പിതാവിന്. കാത്തിരിക്കാനുള്ള ദൗത്യവും കണ്ണുനീരും ഭാര്യ അർച്ചനയ്ക്കു കൈമാറി സതീഷ് സൈക്കിളുമെടുത്തിറങ്ങി. കാണാതായ മകനെ തിരക്കി ഇന്ത്യയുടെ മൂന്നു സംസ്ഥാനങ്ങളിലായി ആറു മാസം കൊണ്ട ു സതീഷ് സൈക്കിളിൽ അലഞ്ഞത് 1500ലേറെ കിലോമീറ്റർ ദൂരമാണ്. ഡൽഹിയിലും ഹരിയാനയിലും സൈക്കിളിൽ മകനെതെരഞ്ഞു നടന്ന സതീഷ് ഇപ്പോൾ ആഗ്രയിലാണുള്ളത്.
കഴിഞ്ഞ ജൂണ്‍ 24നാണ് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ദ്വാരികാപൂർ ഗ്രാമത്തിൽ നിന്നു സതീഷിന്റെ പതിനൊന്നു വയസുകാരനായ മകൻ ഗോഡ്നയെ കാണാതാകുന്നത്. ഭിന്നശേഷിക്കാരനാണു കുട്ടി. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്കു പോയ മകൻ അന്നു നേരം വൈകിയിട്ടും തിരിച്ചെത്തിയില്ല.
പഠനവൈകല്യമുണ്ടായിരുന്ന കുട്ടി സ്കൂളിൽനിന്നു മടങ്ങിയെത്താതിരുന്നതോടെ സതീഷ് മകന്റെ കൂട്ടുകാരോടു വിവരം തിരക്കി. ഗോഡ്നയെ സാസ്നി റെയിൽവേ സ്റ്റേഷനു സമീപം കണ്ടതായി ഒരു കുട്ടി പറഞ്ഞു. വേഗം അങ്ങോട്ടോടിയെങ്കിലും മണിക്കൂറുകൾ തെരഞ്ഞിട്ടും മകനെ കണ്ടുകിട്ടിയില്ല. ഉടൻ തന്നെ യുപി പോലീസിൽ വിവരം അറിയിച്ചെങ്കിലും അവർ കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ലെന്നാണ് സതീഷ് പറഞ്ഞത്. ജൂണ്‍ 28നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഏറെ നേരം കരഞ്ഞു കാലുപിടിച്ചിട്ടാണ് സതീഷ് നൽകിയ പരാതിയിൽ അവർ ഒരു സീലു മാത്രം പതിച്ചു വിട്ടത്. അവിടെ ഏറെ നേരം കാത്തു നിന്നിട്ടു കാര്യമില്ലെന്നു തിരിച്ചറിഞ്ഞതോടെ സതീഷ് മടങ്ങി.
മകന്റെ ഒരു ഫോട്ടോയും കൈയിലെടുത്ത് തന്റെ സൈക്കിളിൽ അന്നു തെരച്ചിലാരംഭിച്ചതാണ് നാല്പത്തെട്ടുകാരനായ സതീഷ്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒട്ടാകെ കറങ്ങി. കാണുന്നുവരോടൊക്കെ ഫോട്ടോ കാണിച്ചു മകനെ കണ്ടോ എന്നു തിരക്കി അലഞ്ഞു. നൂറുകണക്കിനു ഗ്രാമങ്ങളിലും പട്ടണങ്ങളിലും അലഞ്ഞു. ആയിരക്കണക്കിന് ആളുകളെ മകന്റെ ഫോട്ടോ കാണിച്ചു വിവരം തിരക്കി. ഇതുവരെ ഒരു ഫലവുമുണ്ടായിട്ടില്ലെന്ന് നിരാശയോടെ സതീഷ് പറയുന്നു.
കഴിഞ്ഞ ആഴ്ച യുപിയിലെ ബർഹാൻ ഗ്രാമത്തിൽ ഒരു കുട്ടിയുടെ ഫോട്ടോയും കൈയിൽ പിടിച്ചു വിശന്നു തളർന്നു കരഞ്ഞിരിക്കുന്ന മനുഷ്യനെക്കുറിച്ച് ആരോ ആഗ്രയിലെ സാമൂഹ്യപ്രവർത്തകൻ നരേഷ് പരാസിനെ വിവരം അറിയിച്ചു.
സതീഷിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ നരേഷ് വിവരം ട്വിറ്ററിലൂടെ ഉത്തർപ്രദേശ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കുട്ടിയെ അന്വേഷിച്ചു ഉടൻ കണ്ടെത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശവും നൽകി. അതിനു പുറമേ നരേഷ് സതീഷിന്റെ പരാതി യുപി മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ പരാതി പരിഹാര സെല്ലിലും എത്തിച്ചു.
കൈയിൽ കാശും കഴിക്കാൻ ഭക്ഷണവുമില്ലാതെ മകനെത്തിരക്കി അലഞ്ഞു തിരിയുന്ന തന്നോട് എന്തിനാണ് ഈ കഷ്ടപ്പാടെന്ന് ആളുകൾ ചോദിക്കാറുണ്ട്. മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദന പറഞ്ഞു മനസിലാക്കാവുന്നതല്ലെന്നാണ് സതീഷ് പറയുന്നത്.
തങ്ങളുടെ മകനെയും കൊണ്ടു സതീഷ് തിരിച്ചു ചെല്ലുന്നതും കാത്ത് ഭാര്യ അർച്ചന വീട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.
2005ൽ ഇവരുടെ മൂത്ത മകൾ സരിത രോഗം ബാധിച്ചു മരിച്ചു. 2011ൽ മറ്റൊരു മകനെ വാഹനാപകടത്തിലും നഷ്ടപ്പെട്ടു. ഇപ്പോഴുള്ള ഏക പ്രതീക്ഷ ഗോഡ്നയെ എങ്ങനെയെങ്കിലും കണ്ടെ ത്താനാകുമെന്നതാണെന്നു സതീഷ് പറയുന്നു.
ഓരോ സ്ഥലത്തും മകന്റെ ചിത്രം പതിച്ച തന്റെ വിലാസമെഴുതിയ കടലാസുകൾ കൊടുത്തും റെയിൽവേസ്റ്റേഷനുകൾക്കു ചുറ്റുമുള്ള ചായക്കടക്കാരുടെ ഫോണ്‍ നന്പറുകൾ ശേഖരിച്ചുമാണ് സതീഷിന്റെ യാത്ര. ഇവരിൽ ആരെങ്കിലും ഒരാൾ ഒരു ദിവസം തന്റെ മകനെ കണ്ടെന്ന വിവരവുമായി വിളിക്കുമെന്ന പ്രതീക്ഷയോടെ സതീഷ് യാത്ര തുടരുന്നു.