മാന്നാര്‍: ഇന്ത്യന്‍ കലാ-സാംസ്കാരിക രംഗത്തിന് നേപ്പാള്‍ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സുപ്രസിദ്ധ ഗായകന് ഉദിത് നാരായണ്‍, നടി മനീഷ കൊയ് രാള എന്നിവര്‍ നേപ്പാളില്‍ നിന്നെത്തി ഇന്ത്യയുടെ മനം കീഴടക്കിയവരാണ്.
ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതോടെ നേപ്പാളികള്‍ ചില്ലറക്കാരല്ല എന്ന സത്യം മലയാളികളും തിരിച്ചറിഞ്ഞിരിക്കുന്നു.
മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് തീര്‍ത്ഥം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാം ബഹദൂര്‍ ഖത്രി-മഥന ഖത്രി ദമ്പതിമാരുടെ മകന് രവീണ് ഖത്രിയാണ് ഈ മിടുക്കന്. ചെന്നിത്തല മഹാത്മാ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്.
അച്ഛന് രാം ബഹാദൂര്‍ ഖത്രിയ്ക്ക് ഗൂര്‍ഖാ ജോലിയാണ്. 22 വര്‍ഷമായി കേരളത്തില്‍ വന്നിട്ട് രവീണ് നേപ്പാളിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണ്. സഹോദരന് ഖുസുല് ഖത്രിയും സഹോദരി കുസുംകുമാരി ഖത്രിയും ചെന്നിത്തല മഹാത്മാ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.