കോട്ടയം: സ്വര്‍ണാഭരണങ്ങള്‍ ഊരിവച്ച ശേഷം കുളിക്കാന്‍ പോയ വീട്ടമ്മ കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ല. പോലീസിന്റെ അന്വേഷണത്തില്‍ പ്രതി വീട്ടമ്മയുടെ മകനാണെന്നു മനസ്സിലായതിനെത്തുടര്‍ന്ന് അയാളെ അറസ്റ്റു ചെയ്തു. അയര്‍ക്കുന്നം സ്വദേശി ആല്‍ബിനെ (21)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനി രാത്രിയിലായിരുന്നു സംഭവം.
ജോലി കഴിഞ്ഞെത്തിയ മാതാവ് വളയും മോതിരവും ഊരി വച്ചു വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയിരുന്നു. കുളി കഴിഞ്ഞെത്തിയ വീട്ടമ്മ നോക്കുമ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വീടിന്റെ മുന്‍ വരാന്തയില്‍ ഇതേ സമയം മകന്‍ ഇരിപ്പുണ്ടായിരുന്നു. പിറ്റേ ദിവസം ചെന്നൈയിലേക്കു പഠിക്കാന്‍ പോയെന്ന് വീട്ടുകാര്‍ പറഞ്ഞ മകന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പൊലീസ് രഹസ്യാന്വേഷണം നടത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോള്‍ കണ്ടെത്തി. തുടര്‍ന്നു സൈബര്‍ സെല്‍ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. വീട്ടുകാര്‍ നിര്‍ദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.