മാതൃദിനമായ മെയ് 12ന് അമ്മയോടൊപ്പമുള്ള മക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലെങ്ങും നിറയുന്നത്. എന്നാല്‍ കുമളിയിലുണ്ടായ സംഭവം ഏവരെയും ഞെട്ടിക്കുകയാണ്. പെന്‍ഷന്‍ തുക ചോദിച്ചിട്ട് കൊടുക്കാത്തതിന് 70 വയസ്സുള്ള അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകനെ അറസ്റ്റു ചെയ്തു.
കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. വീട്ടുവാതിലിന്റെ താഴില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകള്‍ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകില്‍ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണു കണക്ഷന്‍ വിച്ഛേദിച്ചത്.
ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രന്‍. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു. അമ്മയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യത്തില്‍ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു. നാളെ കോടതിയില്‍ ഹാജരാക്കും. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മരിയ സെല്‍വം വീട്ടിലേക്കു മടങ്ങി.