ന്യൂഡൽഹി: മീ ടൂ കാന്പയിനിൽ പ്രമുഖർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് ഗായിക സോന മോഹപത്ര. നിങ്ങളുടെ 50 ശതമാനം വോട്ടർമാരും സ്ത്രീകളാണ്.
14 സ്ത്രീകൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരേ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല നിരവധി പുരുഷന്മാർക്കും അയാളുടെ ചെയ്തികളെക്കുറിച്ച് അറിയാം. ഈ ആരോപണങ്ങളെ ഗൗരവത്തിൽ എടുത്ത് വേണ്ട നടപടികൾ സ്വീകരിക്കണം. 50 ശതമാനം വോട്ടർമാർ ഞങ്ങളാണ്. ഞങ്ങളെ കേൾക്കണം.- സോന മോഹപത്ര ട്വിറ്ററിൽ കുറിച്ചു.
ഗായകൻ കൈലാഷ് ഖേറിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം മീ ടൂവിലൂടെ സോന പങ്കുവച്ചിരുന്നു. ട്വിറ്ററിലാണ് സോനം കൈലാഷ് ഖേറിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. സംഗീത പരിപാടിയെ കുറിച്ച് സംസാരിക്കുന്നതിനിടെ കഫെയിൽ വെച്ച് കൈലാഷ് ഖേർ മോശമായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ.
തങ്ങളുടെ ഇരുവരുടേയും ബാന്റ് നടത്താനിരിക്കുന്ന സംഗീത പരിപാടിയെ കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു. അതിനിടെ മോശമായ രീതിയിൽ കൈലാഷ് ഖേർ സ്പർശിച്ചു. കൈലാഷ് ഖേറിന്റെ മോശം പെരുമാറ്റം പിന്നെയും പല തവണ തുടർന്നതായും സോന ആരോപിച്ചിരുന്നു.
അതേസമയം തനിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ മാനനഷ്ടത്തിനു കേസ് നൽകി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് കേസ്.
സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച വനിതകൾ നിയമനടപടികളിലേക്കു നീങ്ങുന്നതിനു മുന്പേ അക്ബർ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചതു വിഷയം കൂടുതൽ സങ്കീർണമാക്കാൻ ഇടയാക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കേ ഇതു ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി.
അതേസമയം, മന്ത്രിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി ആരോപണങ്ങൾ ഉന്നയിച്ച വനിതകളിൽ ചിലർ പ്രതികരിച്ചു. മാനനഷ്ടക്കേസിനെ പേടിക്കുന്നില്ലെന്നും അക്ബറിനെതിരേ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും ഇവർ വ്യക്തമാക്കി.
താൻ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവുണ്ടെന്ന് വിദേശ മാധ്യമപ്രവർത്തക മജിലി കാന്പ് പറഞ്ഞു. വേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. താൻ ഇന്ത്യക്കാരിയല്ല. യാതൊരു രാഷ്ട്രീയ അജൻഡയുമില്ല.
അച്ഛൻ ഈ സംഭവത്തിന് ശേഷം അക്ബറിന് ഇ- മെയിലിൽ കത്ത് അയച്ചിരുന്നു അതിന് അയാൾ തന്ന മറുപടി കൈവശമുണ്ട്. ഇത് തെളിവാണ്. അക്ബറിന്റെ പ്രസ്താവനയിൽ നിരാശയുണ്ട്, എന്നാൽ അദ്ഭുതമില്ല. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു – മജ്ലി ഡി പീ കാന്പ് പറഞ്ഞു. ഏഷ്യൻ ഏജിൽ ഇന്റേണ്ഷിപ്പ് ചെയ്യുന്ന സമയത്ത് അക്ബർ മോശമായി പെരുമാറിയെന്നു മജലി ആരോപണമുന്നയിച്ചിരുന്നു.