ഒരു പെണ്‍കുട്ടിയുടെ മുഖത്തെ ചൈതന്യമാണ് അവളുടെ ആത്മവിശ്വാസം. എന്നാല്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയ്ക്ക് ഒരുവിധത്തിലും സഹിക്കാന്‍ സാധിക്കാത്ത ഒന്നാണ് സൊനാലി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഗവേഷക വിദ്യാര്‍ത്ഥിനിയായിരിക്കേ അവളുടെ നേരെ മൂന്ന് ക്രൂരന്മാര്‍ ചേര്‍ന്ന് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ശല്യം ചെയ്തതിനെതിരെ പരാതിപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു അത്. ജീവിതത്തെക്കുറിച്ച് മനോഹര സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങിയ കാലത്ത് ആ സ്വപ്‌നങ്ങളെ വേരോടെ പിഴുതെറിയുന്നതായിരുന്നു ആ ആക്രമണം. കാഴ്ച നഷ്ടപ്പെട്ട അവള്‍ക്ക് എന്തെങ്കിലും കഴിക്കാനോ ഒന്നനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. മാസങ്ങളോളം വേദന തിന്ന് അവള്‍ കഴിഞ്ഞു. ഒരിക്കലും അവസാനിക്കാത്ത ഒരു ദുസ്വപ്‌നമായിരുന്നു അവള്‍ക്കത്.
പത്ത് വര്‍ഷത്തിനിടെ മുഖത്ത് മാത്രം 27 ശസ്ത്രക്രിയകള്‍ക്ക് സൊനാലി വിധേയയായി. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനായി അവളുടെ അച്ഛന് കുടുംബസ്വത്തുക്കള്‍ മുഴുവന്‍ വില്‍ക്കേണ്ടതായി വന്നു. സൊനാലിയുടെ ചികിത്സയ്ക്കുള്ള പണം വേറെയും കണ്ടെത്തേണ്ടി വന്നു. ഏതാനും വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കുറ്റവാളികള്‍ക്ക് മോചനം കിട്ടി. അത് സൊനാലിയെ കൂടുതല്‍ തളര്‍ത്തി. തന്റെ ജീവിതം തകര്‍ത്ത കുറ്റവാളികള്‍ സ്വതന്ത്രരായി വിലസുന്നതു കാണാനുള്ള കരുത്തില്ലെന്നും തനിക്കു ദയാവധം വേണമെന്നും ആവശ്യപ്പെട്ട് അപേക്ഷിച്ചു. എന്നാല്‍ അധികം വൈകാതെ അവള്‍ മനസ്സുമാറ്റി. തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ തോറ്റുകൊടുക്കുകയല്ല വേണ്ടതെന്ന് അവള്‍ ഉറപ്പിച്ചു. 10 വര്‍ഷംകൊണ്ട് 27 ശസ്ത്രക്രിയകള്‍ക്കു വിധേയയായ സൊനാലി പതുക്കെ ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സിനെ പഠിപ്പിച്ചു.
ശേഷം അമിതാബ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിയില്‍ പങ്കെടുത്തു 25 ലക്ഷം രൂപ സമ്മാനമായി നേടി. ചികിത്സകള്‍ പുരോഗമിച്ചു പ്ലാസ്റ്റിക് സര്‍ജറികള്‍ക്കു വിധേയയായി അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ്. സൊനാലിയുടെ ജീവിതത്തെക്കുറിച്ചു കേട്ടറിഞ്ഞ ഒരു യുവാവ് അവളെ പരിചയപ്പെടാനെത്തിയത്. പരിചയം സൗഹൃദമായി പിന്നെയത് പ്രണയമായി ഒടുവില്‍ ചിത്തരഞ്ചന്‍തിവാരി എന്ന യുവാവ് സൊനാലിയെ വിവാഹം ചെയ്തു. ഇപ്പോഴവര്‍ക്ക് പാരി എന്ന പേരുള്ള ഒരു മകളുണ്ട്. പാരി എന്നാല്‍ മാലാഖയുടെ മുഖമെന്നര്‍ത്ഥം. കണ്‍മണിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് സൊനാലിയും ചിത്തരഞ്ചനും പറയുന്നു. ഞങ്ങളുടെ ജീവിതം ഇപ്പോള്‍ പൂര്‍ണ്ണമായെന്നും ഞങ്ങള്‍ക്കിനി ഒന്നിനെക്കുറിച്ചും പരാതിയോ സങ്കടമോ ഇല്ലെന്നുമാണ് സൊനാലിയും ചിത്തരഞ്ചനും പറയുന്നത്. നിസാരകാരണങ്ങള്‍കൊണ്ട് നിരാശരാവുകയും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തമമാതൃകയാവുകയാണ് സൊനാലി.