കാൻസറിനെ പേടിക്കുന്നവരുണ്ടാകും. പക്ഷേ, ഒരു കാലത്ത് ബോളിബുഡിന്റെ സൗന്ദര്യറാണിയായിരുന്ന സൊണാലി ബാന്ദ്രേക്കു ഭയമില്ല. കാൻസറിന്റെ വേദനയിലും അവശകതകളിലും മനംമടുത്ത് കാണാമറയത്തൊളിക്കാനും അവർ തയാറല്ല. ചികിത്സയെത്തുടർന്ന് മുടി നഷ്ടപ്പെട്ട സോണാലി, വിഗ്ഗ് അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രങ്ങൾ അവരുടെ തളരാത്ത മനസിന്റെ കണ്ണാടിയാകുന്നു.
വിഗ് ധരിച്ചും ധരിക്കാതെയുമുള്ള വിവിധ ഫോട്ടോകൾ കഴിഞ്ഞ ദിവസമാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആരുടെ മനസിനും പ്രചോദമാകുന്ന കുറിപ്പും പോസ്റ്റിലുണ്ട്. “”എപ്പോഴും സന്തോഷമായിരിക്കുന്നതിലാണ് കാര്യം. മുടിയില്ലാതിരിക്കുന്നതിനേക്കാൾ വിഗ് അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതാണ് എനിക്ക് കൂടുതൽ സന്തോഷം പകരുന്നത് അതിനാൽ അങ്ങനെ ചെയ്യുന്നു.
എന്നാൽ, എപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല, വിഗ്ഗോ മറ്റു ആവരണങ്ങളോ ഒന്നുമില്ലാതെ പുറത്തിറങ്ങി കാറ്റുകൊള്ളാൻ തോന്നിയാൽ അങ്ങനെ ചെയ്യും. ഇനി അതല്ല, കടും ചുവപ്പിലുള്ള സ്കാർഫ് അണിയാൻ തോന്നിയാൽ അങ്ങനെ… നിങ്ങൾക്ക് ഏറ്റവുമിണങ്ങുന്നത് ഏതാണെന്നു നിർണയിക്കാൻ നിങ്ങൾക്കു മാത്രമേ സാധിക്കൂ. എപ്പോഴും സന്തോഷമായിരിക്കൂ…” സൊണാലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജൂലൈയിലാണ് തനിക്ക് കാൻസറുണ്ടെന്നുള്ള വിവരം താരം പുറത്തറിയിക്കുന്നത്. ചികിത്സ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും പിന്തുണയേകുന്നവർക്കെല്ലാം നന്ദിയറിക്കുന്നുവെന്നും കാട്ടി സൊണാലിയുടെ ഭർത്താവ് ഗോൾഡി ബേഹി അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.