അമിതാഭ് ബച്ചനോളം ആളുകൾ ബഹുമാനിക്കുന്ന താരങ്ങൾ ഏറെയില്ല ബോളിവുഡിൽ. ബിഗ് ബിയുടെ ആശംസയ്ക്കായി, അനുമോദനത്തിനായി കാത്തുനിൽക്കാത്ത താരങ്ങളില്ല പുതിയ തലമുറയിൽ. എന്നാൽ, ബച്ചൻ അയച്ചൊരു പിറന്നാൾ ആശംസ ഒരു താരം കണ്ടില്ലെന്ന് നടിച്ചാലോ?
അഹങ്കാരത്തിന് കൈയും കാലും വച്ചവരെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ അവരെ പഴിക്കാനാവുമോ? വെറുതെ പഴി പറയുകയല്ല, നല്ല ഒന്നാന്തരം ചീത്ത തന്നെ വിളിച്ചു. വേറാരുമല്ല, സാക്ഷാൽ ബിഗ് ബി തന്നെ. നടി സോനം കപൂറാണ് ബിഗ് ബിയുടെ രോഷത്തിന്റെ ചൂടറിഞ്ഞ കഥാനായിക.ഇക്കഴിഞ്ഞ ജൂണ്‍ 9നായിരുന്നു സോനം കപൂറിന്റെ മുപ്പത്തിരണ്ടാം പിറന്നാൾ. എല്ലാവരെയും പോലെ ബച്ചനും അയച്ചു ഒരു സന്ദേശം.
ആഘോഷങ്ങളുടെ തിരക്കായതു കൊണ്ടോ മറ്റോ സോനം അത് കണ്ടില്ല. ബച്ചന് മറുപടി കൊടുത്തുമില്ല.ബച്ചനെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തന്റെ നീരസവും രോഷവും പരസ്യമായി തന്നെ പ്രകടിപ്പിക്കാൻ ബിഗ് ബി മടിച്ചില്ല. തന്റെ സന്ദേശം അവഗണിച്ച് മറ്റ് പലരുടെയും സന്ദേശത്തിന് സോനം നന്ദി പറഞ്ഞതാണ് ബച്ചനെ കൂടുതൽ രോഷാകുലനാക്കിയത്. സുനിൽ ഷെട്ടിയുടെ ആശംസയ്ക്ക് സോനം നൽകിയ മറുപടി ട്വീറ്റിലാണ് ബച്ചൻ തന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
ഒരുപാട് നന്ദി… ടണ്‍ കണക്കിന് സ്നേഹം എന്നായിരുന്നു സുനിൽ ഷെട്ടിക്കുള്ള സോനത്തിന്റെ മറുപടി. അപ്പോൾ ഞാനോ…. ഇത് ഞാനാണ് അമിതാഭ് ബച്ചൻ, ഞാൻ നിന്റെ പിറന്നാളിന് ഒരു എസ്എംഎസ് അയച്ചിരുന്നു. എന്നാൽ, അതിന് നീ മറുപടി തന്നില്ല…. ബച്ചൻ ട്വീറ്റ് ചെയ്തു. ഒപ്പം കോപം പ്രകടിപ്പിക്കാൻ ഒരു ചുവന്ന മുഖത്തിന്റെ സ്മൈലിയും. ഏതായാലും ഇതു സോനം കപൂറിനെ ഞെട്ടിച്ചു. എന്റെ ഈശ്വരാ… എനിക്കത് കിട്ടിയില്ല. അഭിഷേകിന്റെ സന്ദേശം കിട്ടിയിരുന്നു. മാപ്പ്…. ഞാൻ മറുപടി അയച്ചോളാം എന്നും സോനം ട്വീറ്റ് ചെയ്തു.