സെലിബ്രിറ്റികളുടെ പ്രണയവും വിവാഹ വിശേഷങ്ങളും അവരേക്കാൾ മുന്പേ അറിയുന്നവരാണ് പപ്പരാസികൾ. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നതെന്ന് തോന്നുമെങ്കിലും ചിലപ്പോഴൊക്കെ പപ്പരാസികളുടെ കണ്ടെത്തലുകളും ശരിയാകാറുണ്ട്. അനിൽ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറിനെക്കുറിച്ചു പപ്പരാസികൾ നടത്തിയ വെളിപ്പെടുത്തലാണ് ബി ടൗണിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത. താരത്തിന്റെ കാമുകൻ ഷൂസ് കച്ചവടക്കാരനാണെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ. ഷൂസ് കച്ചവടക്കാരൻ എന്നു പറഞ്ഞെങ്കിലും വെറും ഷൂസ് കച്ചവടക്കാരനല്ല സോനം കപൂറിന്റെ കാമുകൻ. തുകൽ ഉത്പന്നങ്ങളുടെ വ്യവസായത്തിൽ മികച്ച പേരുള്ള ആനന്ദ അഹൂജയാണ്രതേ സോനത്തിന്റെ കാമുകൻ.
ദില്ലി സ്വദേശിയാണ് ആനന്ദ്. ആനന്ദ് അഹൂജയ്ക്കും സോനം കപൂറിനും ഇടയിലുള്ള സമാനമായ ഇഷ്ടങ്ങളാണ്രതേ ഇരുവരേയും അടുപ്പിച്ചത്. ബാസ്കറ്റ് ബോളും ജിമ്മും എല്ലാം ഇതിൽ ഉൾപ്പെടും. സോനത്തിന്റെ സുന്ദരനായ ഈ കാമുകന് പിന്നാലെയാണ് പപ്പരാസികൾ. തന്റെ കാമുകനായ ആനന്ദ് അഹൂജയുടെ പിറന്നാൾ ദിനത്തിൽ സോനം കപൂർ അദ്ദേഹത്തിന് സമ്മാനിച്ചത് ഒരു ബിഎംഎക്സ് ബൈക്ക് ആയിരുന്നു. ആനന്ദ് ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് എല്ലാവരും ഇക്കാര്യം ശ്രദ്ധിച്ചത്. ദില്ലിയിലെ വൻ ബിസിനസ്കാരനാണ് ആനന്ദ് അഹൂജ. ബിസിനസിൽ അദ്ദേഹം ഉപരിപഠനം നടത്തിയത് വാർട്ടൻ ബിസിനസ് സ്കൂളിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ സോനത്തിന്റെ കുടുംബത്തിനൊപ്പം ആനന്ദും ലണ്ടനിലുണ്ടായിരുന്നു.
സോനം കപൂറിന്റെ കാമുകൻ എന്നതിനപ്പുറം കപൂർ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ആനന്ദ് പ്രിയങ്കരനാണ്. സഹോദരി പ്രിയയും പിതാവ് അനിൽ കപൂറും മാതാവ് സുനിതയും ഈ പ്രണയത്തിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇപ്പോൾ സോനം കപൂറും ആനന്ദ് അഹൂജയും അവധി ആഘോഷിക്കാൻ ലണ്ടനിലാണുള്ളത്. അവിടെ വച്ചായിരുന്നു ആനന്ദിന്റെ പിറന്നാൾ ആഘോഷങ്ങളും. തനിക്ക് സോനം നൽകിയ സമ്മാനത്തിന്റെ ചിത്രത്തിനൊപ്പം സോനത്തിനൊപ്പമുള്ള ചിത്രവും ആനന്ദ് പങ്കുവച്ചിരുന്നു.