ബോളിവുഡിലെ ഫാഷൻ ഐക്കണാണ് അനിൽ കപുറിന്റെ മകളായ സോനം കപുർ. സാവരിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. താരപുത്രിയായതിനാൽ സിനിമാരംഗത്തു വളരെ പെട്ടെന്നു സോനത്തിനു സ്ഥാനം ലഭിച്ചു. അതേസമയം ഇതിന്റെ പേരിൽ വ്യാപക സൈബർ ആക്രമണവും സോനത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പർതാര ചിത്രങ്ങളിൽ നായികയായ സോനം കരിയറിന്റെ ഒരു ഘട്ടത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു.
2018 ലാണ് സോനം വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് സോനത്തിന്റെ ഭർത്താവ്. വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്കു മാറി. സിനിമകളിലെ തിരക്കുകുറച്ച് കുടുംബ ജീവിതത്തിലേക്കു ശ്രദ്ധ നൽകാനും സോനം തയാറായി. 2022 ൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. വായു കപുർ അഹുജ എന്നാണു കുഞ്ഞിനു നൽകിയിരിക്കുന്ന പേര്.
കുഞ്ഞ് പിറന്ന ശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചിക്കുകയാണ് സോനം. അമ്മയായ ശേഷം വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ആദ്യം എനിക്കു കഴിഞ്ഞിരുന്നില്ല. ഞാൻ 32 കിലോ കൂടി. ഞാൻ അതിന്റെ ആഘാതത്തിലായിരുന്നു. ഇതേക്കുറിച്ച് ആളുകൾ പറഞ്ഞുതന്നെങ്കിലും കുഞ്ഞു പിറന്ന ശേഷം പഴയ ശരീരത്തിലേക്കു മാറുമെന്നാണു കരുതിയത്. എല്ലാം ശരിയാകുമെന്നു ചിന്തിക്കും. മാത്രവുമല്ല, നമ്മൾ കുഞ്ഞിനോടുള്ള അഭിനിവേശത്തിലായിരിക്കും.
വർക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ചോ ഭക്ഷണ ക്രമത്തെക്കുറിച്ചോ ചിന്തിക്കില്ല. കാരണം മുലയൂട്ടുന്ന ഘട്ടമാണത്. അമ്മയായ ശേഷമുള്ള മാറ്റത്തോടും ജീവിതത്തോടും പൊരുത്തപ്പെടാൻ ഒന്നര വർഷം എനിക്കു വേണ്ടി വന്നു. പതിയെയാണ് എല്ലാം മനസിലാക്കിയത്. കാരണം നിങ്ങളിലെ പുതിയ ആളുമായും ജീവിതത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. നിങ്ങൾക്കു നിങ്ങളുമായുള്ള ബന്ധത്തിൽ മാറ്റം വരും. മാതാപിതാക്കളുമായും ഭർത്താവുമായുള്ള ബന്ധത്തിൽ മാറ്റം വരും.
ഒരിക്കലും പഴയത് പോലെ നിങ്ങളുടെ ശരീരത്തെക്കുറിച്ചു തോന്നില്ല. ഈ മാറ്റങ്ങളെ ഞാൻ ഉൾക്കൊള്ളുന്നു. പതിനാറ് വയസിലോ ഇരുപത്തിയഞ്ച് വയസിലോ ഉള്ളത് പോലെയായിരിക്കില്ല ഇനിയൊരിക്കലും എന്നെ കാണാൻ. എനിക്കിപ്പോൾ 38 വയസാണ്. എനിക്കൊരു കുഞ്ഞുണ്ട്. ഈ ശരീരത്തിൽ നിന്നാണ് കുഞ്ഞുണ്ടായത്. അത് അവിശ്വസനീയമാണ്. അത് അംഗീകരിക്കണം. ഉൾക്കൊള്ളാൻ സമയമെടുക്കുമെന്നും സോനം കപുർ ചൂണ്ടിക്കാട്ടി.