മകന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി ബോളിവുഡ് നടി സോനം കപുര്‍. ബോളിവുഡ് താരസുന്ദരികളിലൊരാളായ സോനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ വളരെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. സോനത്തിന്റെ മകൻ വായുവിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്.
വായുവിന്റെ രണ്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സോനവും ഭർത്താവ് ആനന്ദ് അഹൂജയും. ഇതിനിടെ മകന്റെ ദൃശ്യങ്ങൾ താരം പങ്കുവച്ചതും ഏവരുടെയും ശ്രദ്ധയാകർഷിച്ചു. നിന്റെ അമ്മയാകാൻ സാധിച്ചതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
ഇന്ന് എന്റെ മകൻ വായുവിന് രണ്ട് വയസായി. നിന്റെ അമ്മയായതാണ് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം. നിന്റെ ചിരി ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറച്ചു. ഞങ്ങളുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയും പ്രകാശം പരത്തുകയും ചെയ്തു. ഓരോ ബന്ധങ്ങളും ദൃഢപ്പെട്ടത് നിന്നിലൂടെയാണ്.
നിന്റെ ഡാഡയുടെയും എന്റെയും ബന്ധം നിന്നിലൂടെ കൂടുതൽ ആഴത്തിലായി. മുത്തശനും, മുത്തശിയും, ബാബ, മാസ, മാസി, അങ്കി ചാച്ചു അങ്ങനെ എല്ലാവരും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പരിശുദ്ധമായ സ്നേഹം തിരിച്ചു നൽകി നീ നമ്മുടെ കുടുംബത്തെ സമ്പൂർണമാക്കുന്നു. നിന്നെ പോലെയൊരു മകനെ ലഭിച്ചതിൽ നമ്മുടെ കുടുംബത്തിലെ എല്ലാവരും ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്- സോനം കപൂർ കുറിച്ചു.