ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു സോനം കപൂര്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് താരസുന്ദരി. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് സോനം.
സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളായ സോനം സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സോനം കപൂറിന് സാധിച്ചു.
അഭിനയത്തിനു പുറമെ ഫാഷന്‍ ചോയ്സിന്റെ പേരിലും ഏറെ പ്രശംസിക്കപ്പെടുന്ന താരമാണ് സോനം കപൂര്‍. അതുപോലെ തന്നെ സോനം തന്റെ നിലപാടുകളിലൂടേയും കൈയടി നേടാറുണ്ട്.
തനിക്ക് പറയാനുള്ള അഭിപ്രായം പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സോനം കപൂര്‍. ഇതിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് സോനം കപൂര്‍.
ബോഡി ഷെയ്മിംഗിനെതിരേയും മറ്റ് സാമൂഹിക വിഷയങ്ങളെക്കുറിച്ചുമെല്ലാം സോനം കപൂര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്.
ബിക്കിനി ധരിക്കുന്നതിനെക്കുറിച്ച് സോനം ഒരിക്കല്‍ പറഞ്ഞതു വലിയ വാര്‍ത്തയായിരുന്നു. അതിപ്പോള്‍ വൈറലാവുകയാണ്. താരസുന്ദരികള്‍ ബിക്കിനി ധരിച്ചെത്തുന്നത് ബോളിവുഡില്‍ ഒട്ടും പുതുമയുള്ള കാര്യമല്ല.
സിനിമകളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ താരങ്ങള്‍ ബിക്കിനി ധരിച്ചെത്താറുണ്ട്. എന്നാല്‍ സിനിമയില്‍ ബിക്കിനി ധരിച്ചെത്താനോ ശരീരം പ്രദര്‍ശിപ്പിക്കാനോ താല്പര്യപ്പെടാത്ത താരമാണ് സോനം കപൂര്‍.
ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സോനം കപൂര്‍ മനസ് തുറന്നത്.എന്റേത് മികച്ച ശരീരമല്ല. എന്റെ സ്കിന്‍ ലൂസാണ്. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കാരണമാണ് എന്നെ കാണാന്‍ ഭംഗി തോന്നുന്നത്.
ഞാന്‍ എന്റെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്. ആ വസ്ത്രങ്ങളാണ് ഞാന്‍ മെലിഞ്ഞതായി കാണപ്പെടാനുള്ള കാരണവും എന്റെ ശരീരത്തിന് ഫിറ്റായതും.
ഞാന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുകയും ഡയറ്റ് പാലിക്കുകയും ചെയ്യാറുണ്ട്. പക്ഷേ എന്റെ ശരീരം ഇങ്ങനെയാണ്. അതുകൊണ്ട് എനിക്ക് ചേരുന്ന ചില കളറും സ്റ്റൈലുമൊക്കെയുണ്ട്.
ഞാന്‍ അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഞാന്‍ ഓണ്‍ സ്ക്രീനില്‍ ഒരിക്കലും ബിക്കിനി ധരിക്കില്ല. കാരണം എനിക്ക് അതിനുള്ളത്ര ആത്മവിശ്വാസമില്ല.
എന്നെ കാണാന്‍ ഭംഗിയുണ്ടാകില്ലെന്ന് അറിയാം. എന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാനൊട്ടും കംഫര്‍ട്ടബിള്‍ അല്ല. പുറമെ മെലിഞ്ഞതായി തോന്നുമെങ്കിലും ഉള്ളില്‍ ഞാന്‍ ഇന്നും തടിയുള്ള പെണ്ണാണ്.
എന്റെ ജോലി കാരണമാണ് എനിക്ക് നല്ല ഷെയ്പ്പില്ത്തന്നെ തുടരേണ്ടി വരുന്നത്. എപ്പോഴും ആളുകള്‍ നമ്മളെ നോക്കുകയും അതിനാല്‍ എപ്പോഴും നല്ല ഭംഗിയായിരിക്കുകയും ചെയ്യേണ്ടത് ഈ പ്രഫഷനില്‍ പ്രധാനപ്പെട്ടതാണ്.
എന്നില്‍ പണം നിക്ഷേപിക്കപ്പെടുന്നതിനാല്‍ കാണാന്‍ ഭംഗിയായിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. എന്റെ വസ്ത്രങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
അതിനാല്‍ അവ ഫിറ്റായിരിക്കാന്‍ വേണ്ടിയും ശരീരത്തെ നന്നായി നിലനിര്‍ത്തുകയാണ് ഞാന്‍- സോനം അഭിമുഖത്തില്‍ മുമ്പൊരിക്കള് പറഞ്ഞത് ഇങ്ങനെയാണ്.