നിങ്ങളുടെ പ്രിയതാരങ്ങള്‍ മേക്കപ്പില്ലാതെ എന്ന അടിക്കുറിപ്പോടുകൂടി താരങ്ങളുടെ മേക്കപ്പില്ലാത്ത ധാരാളം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിക്കാറുണ്ട്. അത് കാണുമ്പോള്‍ മനസിലാവുകയും ചെയ്യും, എത്രമാത്രം ഒരുക്കിയാണ് താരങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്. എന്നാല്‍ അക്കാര്യം നടിമാര്‍ പൊതുവേ തുറന്നു പറയാറില്ല.
എന്നാല്‍, അത്തരക്കാരില്‍ നിന്നെല്ലാം നടി സോനം കപൂര്‍ വ്യത്യസ്തയാണ്. താരത്തിന്റെ മേക്കപ്പ് ചെയ്യുന്നതിന് മുന്‍പുള്ള സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. താരത്തിന്റെ ധൈര്യത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. സെല്‍ഫിക്ക് ഒപ്പമുള്ള കുറിപ്പില്‍ സോനം തന്റെ ആരാധകരായ പെണ്‍കുട്ടികളോട് പറയുന്നതിങ്ങനെ;
‘രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ നോക്കൂ, ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയല്ല. ഞാനെന്നല്ല മറ്റേതൊരു നടിമാരും അങ്ങനെയല്ല. ഇതാണ് ശരിയായ സത്യം. ഏതൊരു പരിപാടിക്ക് മുന്‍പും ഒന്നര മണിക്കൂര്‍ (90 മിനിറ്റ്) ഞാന്‍ മേക്കപ്പ് ചെയറില്‍ ചിലവഴിക്കും.
മൂന്നു മുതല്‍ ആറുപേര്‍ വരെ എന്നെ ഒരുക്കാന്‍ കാണും. എന്റെ നഖങ്ങള്‍ മിനുക്കാന്‍ മറ്റൊരാള്‍. എനിക്ക് വസ്ത്രങ്ങളൊരുക്കാന്‍ നിരവധി പേര്‍. ഞാന്‍ എന്ത് കഴിക്കണം, കുടിക്കണമെന്ന് ദിവസവും ഉപദേശം നല്‍കാന്‍ വിദഗ്ധര്‍. എന്നിട്ടും കുറ്റവും കുറവുമുള്ള എന്റെ ചിത്രങ്ങള്‍ ശരിയാക്കാന്‍ ഫോട്ടോഷോപ്പിന്റെ സഹായം വേണ്ടിവരുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ കാണുന്നതൊന്നും സത്യമല്ല. സൗന്ദര്യം മനസ്സിലാണ്, ഒരാളുടെ വ്യക്തിത്വത്തിലാണ്. സൗന്ദര്യം ഇല്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുന്ന പെണ്‍കുട്ടികള്‍ ഇത് മനസ്സിലാക്കണം’.