ചന്ദ്രലേഖ എന്ന വീട്ടമ്മ പ്രശസ്തയായത് കെ എസ് ചിത്ര പാടി അനശ്വരമാക്കിയ രാജഹംസമേ എന്ന ഗാനം പാടി യൂട്വൂബില്‍ അപ്പ്ലോഡ് ചെയ്തായിരുന്നു. നിരവധി ചിത്രങ്ങളിലും ചന്ത്രലേഖക്ക് പിന്നീട് പാടാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഇനി പാകിസ്താന് കാരി നസിയാ അമീന് മൊഹമ്മദിന്റെ ഊഴമാണ്. പാക് സുന്ദരിയുടെ പാട്ടും രാജഹംസമേ തന്നെയാണ്. 1993 ല്‍ ചമയം എന്ന സിനിമയ്ക്കായി ജോണ്‍സന്റെ സംഗീത സംവിധാനത്തില്‍ ചിത്ര പാടിയ പാട്ട് വന്‍ ഹിറ്റായിരുന്നു.
എന്തായാലും നസിയയുടെ പാട്ട് അനേകം ഇന്ത്യന്‍ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം ഒറിജിനല്‍ ഗായികയ്ക്കും ഇഷ്ടപ്പെട്ടു. ജാതിയോ മതമോ ഭാഷയോ ഒന്നും സംഗീതത്തിന് പ്രശ്നമല്ല. നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നസിയ പാടുന്ന വീഡിയോയോടൊപ്പം ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. ത്രില്ലടിച്ച നസിയ ചിത്രയ്ക്ക് മറുപടിയും പറഞ്ഞു. നിങ്ങളാണ് എന്റെ പ്രചോദനം. ജീവിതത്തില്‍ ഉടനീളം നിങ്ങളുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ഉണ്ടാകും. ഒരു നിമിഷം മിണ്ടാന്‍ പോലും വയ്യായിരുന്നു. കണ്ണു നിറഞ്ഞു പോയി. എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. കറാച്ചിയില്‍ ജനിച്ച തനിക്ക് ഒരിക്കലും സംഗീതം പഠിക്കാന്‍ അവസരം കിട്ടിയില്ല. ഇതുവരെ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല.
എന്നിരുന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിരുകളും അതിര്‍ത്തികളും ഇല്ലാതാക്കുന്ന സ്നേഹത്തിനായി തന്റെ ശബ്ദം ഉപയോഗിക്കും. ചിത്രയെ ഒരു പാട് സ്നേഹിക്കുന്നെന്നും നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ നസിയ ചിത്രയുടെയും കേരളത്തിന്റെയും ഇന്ത്യയുടെ മുഴുവനും അനുഗ്രഹം വേണമെന്നും മറുപടി പോസ്റ്റില്‍ പറയുന്നു. നസിയയുടെ വീഡിയോ ഇതിനകം വന്‍ ഹിറ്റാണ്. ഒരുലക്ഷത്തിലധികം ആളകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം പ്രേമത്തിലെ മലരേ പാടി നേരത്തേ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നസീമ ആയിരം കണ്ണുമായി എന്ന നോക്കെത്താദൂരത്ത് കണ്ണും നട്ടിലെ ഗാനവും എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനവും അപ്ലോഡ് ചെയ്തിരുന്നു. ഇതെല്ലാം ഫേസ്ബുക്കിലും യൂട്യൂബിലും വൈറലായിരുന്നു.