ട്യൂണുകള്‍ കോപ്പിയടിച്ച് പാട്ടുകളുണ്ടാക്കുന്നവരെന്ന ദുഷ്പേരുള്ള പല സംഗീത സംവിധായകരും ഇന്ത്യന്‍ സിനിമയിലുണ്ട്. ആ ഗണത്തിലേക്ക് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ എ. ആര് റഹ്മാനെ ഉള്‍പ്പെടുത്തണോയെന്ന ശങ്കയിലാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍. എന്നും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മണിരത്നം- റഹ്മാന് കൂട്ടുകെട്ടില്‍ ഏറ്റവും പുതുതായി വെളിയില്‍ വന്ന കാട്ര് വെളിയിടൈ എന്ന സിനിമയിലെ ഒരു ഗാനമാണ് കോപ്പിയടി വിവാദമുയര്‍ത്തിയത്.
‘’സരട്ട് വണ്ടിയില’’ എന്നുതുടങ്ങുന്ന ഗാനം കോപ്പിയടിയാണെന്നാണ് ആരോപണം. നാല് വര്‍ഷം മുമ്പിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് എന്ന മലയാള സിനിമയില്‍ മോഹന്‍സിത്താര ഈണം നല്കിയ ‘തന്നക്കും താരോ” എന്ന നാടന്‍പാട്ടിന്റെ കോപ്പിയടിയാണ് റഹ്മാന്റെ ഗാനം എന്ന നിലയിലാണ് വാര്‍ത്തകള്‍ പടരുന്നത്. ഈ രണ്ടു പാട്ടുകളും കേള്‍ക്കുന്ന സാധാരണക്കാരായ ആര്‍ക്കും അങ്ങനെ തോന്നുകയും ചെയ്യും.
പാട്ടിന്റെ സാമ്യത്തേക്കാളുപരി റഹ്മാന്റെ വിശ്വസ്തയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വല്ല മലയാളം സംഗീത സംവിധായകനുമായിരുന്നെങ്കില്‍ തനിക്ക് നാണമില്ലേ ‘കോപ്പിയടിക്കാന്‍’ എന്നു ചോദിക്കാമായിരുന്നു. ഇത് ആളു വേറെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ അടക്കംപറച്ചില്‍. ചില പ്രത്യേക സാഹചര്യത്തില്‍ ആരായാലും ചെയ്തു പോകുമെന്നാണ് ചില റഹ്മാന് ഭ്രാന്തന്മാര് പറയുന്നത്.