സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ എന്ന സിനിമയിലെ പാട്ട് വൈറലാകുന്നു. മധുവൂറും പുഞ്ചിരി ചുണ്ടില്‍ തൂകി എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഈ പാട്ടിന്റെ ഗാനരചന,സംഗീത സംവിധാനം ആലാപനം എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്.
സന്തോഷ് പണ്ഡിറ്റിന്റെ മറ്റു ചിത്രങ്ങളിലെ പാട്ടുകള്‍ പോലെതന്നെ ഈ പാട്ടും ദൃശ്യസൗന്ദര്യത്താല്‍ വേറിട്ടു നില്‍ക്കുന്നതാണ്. ഗ്രാഫിക്‌സും വിഷ്വല്‍ എഫക്ട്‌സുമെല്ലാം ആവശ്യത്തിന് സംയോജിപ്പിച്ചുള്ള പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം യൂട്യൂബില്‍ നിരവധി ആളുകളാണ് പാട്ട് കണ്ടു കഴിഞ്ഞത്.
സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം ചാലക്കുടിയ്ക്കടുത്ത് രണ്ടുകൈയിലെ അംഗന്‍വാടിക്ക് ബാത്ത് റൂമും, കുഞ്ഞുങ്ങള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളും നിര്‍മ്മിച്ചു നല്‍കിയിരുന്നു. ബാത്ത് റൂം നിര്‍മ്മാണത്തിനു വേണ്ട സിമന്റ്, ടൈല്‍സ്, ഷീറ്റ് നല്കി നാട്ടുകാരും കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.
ട്രോളിംഗ് നിരോധന ദിവസങ്ങളില്‍ നിരവധി സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളില്‍ നേരിട്ടെത്തി അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ വയനാടുകാരി ശ്രീധന്യയെ വീട്ടിലെത്തി സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ ശ്രീധന്യയെ അറിയിച്ചു. ശ്രീധന്യയുടെ വീടും അതിന്റെ ചുറ്റുപാടുകളും വീട്ടുകാരുടെ അവസ്ഥയും മനസിലാക്കിയ സന്തോഷ് പണ്ഡിറ്റ്, ഉടനടി അതിനുള്ള മാര്‍ഗവും കണ്ടെത്തി. കട്ടിലും അലമാരയും ഉടന്‍ തന്നെ ആ വീട്ടിലേക്ക് എത്തിച്ചു. സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം മറക്കാന്‍ സാധിക്കില്ലെന്നും ഒത്തിരി നന്ദിയുണ്ടെന്നും ശ്രീധന്യയുടെ മാതാപിതാക്കളും പറഞ്ഞു.
പറഞ്ഞാല്‍ തീരില്ല സന്തോഷ് പണ്ഡിറ്റിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്…. തന്നാലാവുംവിധം…