നൗഷാദ് മാങ്കാംകുഴി
ഗാനരചനയിൽ റിക്കാർഡ് നേട്ടവുമായി കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ പാട്ടിന്റെ പാലാഴി തീർക്കുന്നു.
ഇതിനോടകം നാലായിരത്തിലേറെ പാട്ടുകളുടെ രചന നിർവഹിച്ചാണ് രാജീവ് ആലുങ്കൽ റിക്കാർഡ് നേട്ടം കൈവരിച്ചത് .
പതിനേഴാം വയസിൽ പാട്ടെഴുത്തിന്റെ വഴിയിൽ എത്തിയ അദ്ദേഹം നാടകം, ആൽബം, സിനിമ എന്നീ മൂന്നു രംഗങ്ങളിലുമായി നാലായിരലേറെ പാട്ടുകൾ രചിച്ചു.
ഒരു രംഗത്ത് ഇതിലേറെ സംഭാവനകൾ ചെയ്ത നിരവധി ഗാനരചയിതാക്കൾ ഉണ്ടെങ്കിലും മൂന്നു രംഗങ്ങളിലും ഒരുപോലെ പാട്ടെഴുതിയാണ് രാജീവ് ആലുങ്കൽ ശ്രദ്ധേയനാകുന്നത്.
260 നാടകങ്ങൾക്കായി 1,100 ത്തിൽപ്പരം ഗാനങ്ങളും 250 ഓഡിയോ ആൽബങ്ങൾക്കായി 2,500 ഗാനങ്ങളും 130 ൽപ്പരം സിനിമകൾക്കായി 350 ഗാനങ്ങളും രാജീവ്ആലുങ്കൽ രചിച്ചിട്ടുണ്ട് കൂടാതെ ആകാശവാണി, ദൂരദർശൻ എന്നിവയ്ക്കുവേണ്ടി 150-ൽ പരം പാട്ടുകൾ എഴുതിയിട്ടുണ്ട് .
കൂടാതെ നിരവധി രാഷ്ട്രീയ പ്രചാരണ ഗാനങ്ങളും രചിട്ടുണ്ട്. ഗാനഗന്ധർവൻ യേശുദാസ് ഉൾപ്പെടെ പ്രശസ്തരായ എല്ലാഗായകരും രാജീവ് ആലുങ്കലിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ദക്ഷിണാമൂർത്തി, ജയവിജയ (ജയൻ), എ.ആർ. റഹ്മാൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവീന്ദ്രന് മാഷ്, എം.ജി. രാധാകൃഷ്ണൻ ,വിദ്യാസാഗർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പാട്ടുകളൊരുക്കി. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് രാജീവ് .
1990-ൽ സഹപാഠികളോടൊത്ത് പതിനേഴാം വയസിൽ തയാറാക്കിയ ഒരു അമച്വർ നാടകത്തിനുവേണ്ടി റിക്കാർഡ് ചെയ്യപ്പെട്ട ഗാനമാണ് ആ ദ്യമെഴുതിയത്.
1993-ൽ ചേർത്തല ഷൈലജയുടെ ‘മാന്ത്രികക്കരടി’ എന്ന പ്രൊഫഷണൽ നാടകത്തിലൂടെ പ്രൊഫഷണൽ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു.
ആലപ്പി സുരേഷ്, ദലീമ എന്നിവർ പാടി റിക്കാർഡ് ചെയ്തു.പിന്നീട് ചേർത്തല ജൂബിലിക്കുവേണ്ടി ഉടമയും സംവിധായകനുമായ രാജൻ പി. ദേവും വൈക്കം മാളവികയ്ക്കുവേണ്ടി ടി.കെ. ജോണും പാട്ടെഴുതാൻ അവസരം നൽകി.
ഇതുവരെ കെപിഎസി ഒഴികെ എല്ലാ നാടകസമിതികൾക്കും രാജീവ് ആലുങ്കൽ ഗാനങ്ങളെഴുതി. ഒഎൻവി ജീവിച്ചിരുന്ന കാലത്തുതന്നെ കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഗാനമെഴുതി എന്ന അപൂർവതയും ഉണ്ടായി.
എം.കെ. അർജുനൻ, കുമരകം രാജപ്പൻ, ഫ്രാൻസിസ് വലപ്പാട്, വൈപ്പിൻ സുരേന്ദ്രൻ, കലവൂർ ബാലൻ തുടങ്ങിയ മൺമറഞ്ഞ നാടകസംഗീത പ്രതിഭകളോടൊപ്പം സഹകരിക്കാനുള്ള അവസരമുണ്ടായി.
ഇതേവരെ 260 നാടകങ്ങളിലായി 1,100 ഗാനങ്ങളെഴുതി. 1997-ൽ നാന ഗ്യാലപ്പ്പോൾ അവാർഡ്, ഇഎംഎസ് അവാർഡ്, 2004-ൽ സംസ്ഥാന സർക്കാർ അവാർഡ്, 2013-ൽ ഗാനരചനാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു.
1997-ൽ ഓഡിയോ കാസറ്റ് രംഗത്ത് ഗാനരചനയ്ക്ക് തുടക്കം കുറിച്ചത് ജോണി സാഗരിഗയുടെ ‘അത്തം’ എന്ന ഓണപ്പാട്ട് കാസറ്റിൽ. തുടർന്ന് തരംഗണി, മാഗ്നാ സൗണ്ട്, ടി. സിരീസ്, ഈസ്റ്റ്കോസ്റ്റ് തുടങ്ങിയ ഓഡിയോ കമ്പനികൾക്കാകെ ഗാനങ്ങളെഴുതി സജീവമായി. കാസറ്റിന്റെയും പിന്നീട് സിഡിയുടേയും പുഷ്ക്കലകാലമായിരുന്നു അത്.
സർഗം മ്യൂസിക്കിനുവേണ്ടി ദേശഭക്തിഗാനങ്ങൾ ലളിതഗാനങ്ങൾ, താരാട്ടുപാട്ടുകൾ, നാടോടി നൃത്തഗാനങ്ങൾ എന്നിവ ഒരുക്കി. അഞ്ഞൂറിലേറെവരുന്ന അത്തരം ഗാനങ്ങളാണ് കലാലയ മത്സരവേദികളിൽ സജീവമായി ഉപയോഗിച്ചുവരുന്നത്. ആകെ 250 കാസറ്റ്, സിഡി എന്നിവയിലായി 2,500 പാട്ടുകൾ എഴുതി.
ചലച്ചിത്ര ഗാനരംഗത്തേക്ക്.
2003 ൽ ചലച്ചിത്രഗാനരചനയ്ക്കു തുടക്കം ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന മോഹൽലാൽ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എഴുതിയായിരുന്നു.
ആ ചിത്രത്തിലെ തിങ്കൾ നിലാവിൽ…, മുന്തിരിവാവേ… എന്നീ ഗാനങ്ങൾ ഹിറ്റായി.
തുടർന്ന് പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം, കനകസിംഹാസനം, മല്ലുസിംഗ്, റോമൻസ്, ചട്ടക്കാരി, ഒരു മരുഭൂമിക്കഥ, സൗണ്ട്തോമ, ഹാപ്പിവെഡ്ഡിംഗ്, കുട്ടനാടൻ മാർപ്പാപ്പ, ആനക്കള്ളൻ, മരട് തുടങ്ങി 130-ൽ ഏറെ ചിത്രങ്ങളിലായി 350-ൽ ഏറെ ഗാനങ്ങൾ.
2005-ൽ കനകസിംഹാസനത്തിലെ പ്രിയതമേ ശകുന്തളേ, 2011-ൽ ഒരു മരുഭൂമിക്കഥയിലെ ചെമ്പകവല്ലികളിൽ…,
2019-ൽ ആനക്കള്ളനിലെ വെട്ടംതട്ടും വട്ടക്കായൽ… എന്നീ ഗാനങ്ങൾക്ക് സംസ്ഥാന ഫിലിംക്രിട്ടിക്ക് അവാർഡ് ലഭിച്ചു. 2009-ൽ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലെ ഇനിയും കൊതിയോടെ കാത്തിരിക്കാം…
എന്ന ഗാനത്തിന്റെ രചനയ്ക്ക് പ്രഥമ വയലാർ രാമവർമ പുരസ്കാരവും ലഭിച്ചു. ആകാശവാണി, ദൂരദർശൻ രംഗത്ത് 150-ൽ ഏറെ പാട്ടുകൾ എഴുതി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ദർശൻരാമൻ, മുരളി സിത്താര തുടങ്ങിയവരായിരുന്നു സംഗീതം.
താജ്മഹൽ ലോഹമഹാത്ഭുത പുനർനിർണയസമിതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ തുനിഞ്ഞ സാഹചര്യത്തിൽ എക്കാലത്തേയും മഹാത്ഭുതമാണ് താജ്മഹൽ എന്ന സന്ദേശം നൽകാൻ കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത സംഗീത ഉദ്യമമായിരുന്നു ‘വൺലൗ’.
ഏ.ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത ആ ആൽബത്തിലെ ഏക മലയാളഗാനം എഴുതിയത് രാജീവ് ആലുങ്കലാണ്. മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കുമുമ്പായി രാജീവ് ആലുങ്കലിന്റെ ‘തെരേസാമ്മ’ എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ പ്രകാശിപ്പിച്ചു.
ഒമ്പതു ലോക ഭാഷകളിലേക്ക് തെരേസാമ്മ എന്ന കവിത പരിഭാഷ ചെയ്യപ്പെട്ടു. (ആൽബേനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ).
കവിതയുടെ വഴിയിൽ
ഗാനരചനാരംഗത്ത് സജീവമായി തുടരുന്ന സമയത്തും കവിതാരചനാ രംഗത്തും രാജീവ് ആലുങ്കൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 250-ൽ ഏറെ കവിതകൾ പ്രകാശനം ചെയ്തു .
‘നിലവിളിത്തെയ്യം’, ‘ഏകാകികളുടെ ഗീതം’,വേരുകളുടെ വേദാന്തം’ എന്നിവയാണ് പ്രകാശിതമായ കവിതാസമാഹാരങ്ങൾ. മഹാകവി അക്കിത്തം, ശ്രീകുമാരൻ തമ്പി എന്നിവരായിരുന്നു അവതാരിക എഴുതിയത്.
തെരഞ്ഞെടുത്ത 1,001 ഗാനങ്ങൾ ഒഎൻവിയുടെ അവതാരികയോടെ പുറത്തിറക്കി. പല്ലനയിലെ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായി 2016-ൽ കേരളസർക്കാർ നിയമിച്ചു.
2016-ൽ സിംഗപ്പൂരിൽ നടന്ന ദക്ഷിണേഷ്യൻ കവികളുടെ സംഗമത്തിൽ ഉൾപ്പടെ ഒട്ടേറെ സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുത്തു.
മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ഗാന രചനാ രംഗത്ത് സജീവമായി ഗാനാസ്വാദകരുടെ പ്രിയ ഗാന രചയിതാവായി രാജീവ് ആലുങ്കൽ പാട്ടെഴുത്ത് തുടരുകയാണ്.
ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ പരേതരായ മാധവൻ നായരുടെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ ദീപ. മക്കൾ അഭിനവ് രാജ്, ആകാശ് രാജ്.