നന്മ നേരും അമ്മ എന്നാരംഭിക്കുന്ന മരിയൻ ഗാനം കേൾക്കാത്തവർ കുറവായിരിക്കും.
ഈ അനശ്വരഗാനം ഉപകരണസംഗീതത്തിന്റെ അകന്പടിയില്ലാതെ സ്വാഭാവിക ശബ്ദങ്ങൾ കൊണ്ടു സവിശേഷമായ സംഗീത വിരുന്നാക്കിയപ്പോൾ, സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം കേട്ടു വിസ്മയംകൊണ്ടു. മനോഹരഗാനത്തിന് അനശ്വരമായ സ്വരപ്പകർച്ച.
സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസിലെ സന്യാസിനിമാരുടെ അക്കാപ്പെല്ലാ ശൈലിയിലെ സംഘാലാപനം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടതു പത്തു ലക്ഷത്തോളം പേരാണ്.
നൂറ്റാണ്ടുകൾക്കു മുന്‍പു യൂറോപ്പിൽ പ്രചാരം നേടിയ അക്കാപ്പെല്ല സംഗീതശൈലിയെ വീണ്ടും പരിചയപ്പെടുത്തുകയായിരുന്നു ഈ ഗാനാവതരണത്തിലൂടെ.
വ്യത്യസ്തമായ സംഗീതാവിഷ്കാരത്തിന്റെ അംഗീകാരമെന്ന നിലയിൽ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ പുരസ്കാരം ഈ അവതരണത്തിനു ലഭിച്ചു.
20 സിഎംസി സന്യാസിനിമാർ ചേർന്നാണു ആലാപനം നടത്തിയത്. സംഗീതോപകരണങ്ങൾ ഒന്നുപോലും ഉപയോഗിക്കാതെ ഇവർ വായ്കൊണ്ടും കൈവിരലുകൾ കൊണ്ടും രൂപപ്പെടുത്തിയ ശബ്ദങ്ങളാണ് അകന്പടിയായത്.
പാവനാത്മാ പ്രോവിൻസ് മീഡിയ വിഭാഗം ഒരുക്കിയ ഗാനം ചിട്ടപ്പെടുത്തിയതു തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനും കലാകാരനുമായ സാജോ ജോസഫ്.
സവിശേഷ ദൗത്യം
കീ ബോർഡിൽ ട്രാക്കുകൾ രൂപപ്പെടുത്തി ശബ്ദവും താളവും സ്വാഭാവിക സ്വരങ്ങൾ കൊണ്ടു പുനഃസൃഷ്ടിക്കുകയെന്ന വ്യത്യസ്തവും പ്രയാസമേറിയതുമായ ദൗത്യമാണു സാജോ ജോസഫും സന്യാസിനിമാരും ഏറ്റെടുത്തത്.
138 ട്രാക്കുകൾ ഇതിനായി ക്രമപ്പെടുത്തി. സുപ്പീരിയർ ജനറൽ സിസ്റ്റർ സിബി ചെയർമാനായ സിഎംസി വിഷൻ യൂട്യൂബ് ചാനലിലൂടെയാണു അക്കാപെല്ല ബ്രോഡ്കാസറ്റ് ചെയ്തത്.
മീഡിയ കൗണ്‍സിലർ സിസ്റ്റർ ആനി ഡേവിസാണ് മാനേജിംഗ് ഡയറക്ടർ. ഫേസ്ബുക്ക്, വാട്സ് ആപ്പ് ഉൾപ്പടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ മരിയൻ ഗാനം അനേകർ ആസ്വദിച്ചതിൽ അഭിമാനമുണ്ടെന്നു പാവനാത്മ പ്രോവിൻസ് സുപ്പീരിയർ സിസ്റ്റർ നവ്യ മരിയ പറഞ്ഞു.
ഇവർ പാട്ടുകാർ
സിസ്റ്റർ ലിൻഡ, സിസ്റ്റർ ലിസ ജോർജ്, സിസ്റ്റർ മരിയ തെരേസ്, സിസ്റ്റർ ജോയൽ, സിസ്റ്റർ വിനീത, സിസ്റ്റർ നിമിഷ, സിസ്റ്റർ സീനോൾ, സിസ്റ്റർ ലിസ്ജോ, സിസ്റ്റർ സജീവ, സിസ്റ്റർ ക്ലെയർലെറ്റ്, സിസ്റ്റർ അനില, സിസ്റ്റർ ലിസ്ബത്ത്, സിസ്റ്റർ റിനി ടോം, സിസ്റ്റർ ഷാരോണ്‍ റോസ്, സിസ്റ്റർ റിനി മരിയ, സിസ്റ്റർ തേജസ്, സിസ്റ്റർ അഞ്ജന, സിസ്റ്റർ റോസ്ന, സിസ്റ്റർ അഞ്ജലി, സിസ്റ്റർ അജോ മരിയ എന്നിവരാണു അക്കാപ്പെല്ലയിൽ ആലാപനം നടത്തിയത്.
മീഡിയ കൗണ്‍സിലർ സിസ്റ്റർ മരിയാൻസി, മീഡിയ കോ ഓർഡിനേറ്റർ സിസ്റ്റർ കാരുണ്യ, സിസ്റ്റർ ദീപ്തി, സിസ്റ്റർ സാഫല്യ എന്നിവരും ഇതിനു പിന്നിൽ പ്രവർത്തിച്ചു.
അംഗീകാരം
കോൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറമാണ് (യുആർഎഫ്) നന്മ നേരും അമ്മ എന്ന പാട്ടിന്റെ പുനരാവിഷ്കാരത്തിന് അംഗീകാരം നൽകി ആദരിച്ചത്.
അക്കാപ്പെല്ലാ ശൈലിയിൽ സന്യാസിനിമാർ വ്യത്യസ്തമായ സംഗീതാവിഷ്കാരം ഒരുക്കിയെന്നതിനാണു പുരസ്കാരമെന്നു ജൂറി അംഗമായ ഡോ. സുനിൽ ജോസഫ് ഗിന്നസ് പറഞ്ഞു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ യുആർഎഫ് പുരസ്കാരം സമർപ്പിച്ചു. മാധ്യമങ്ങളിലൂടെ സാധ്യമാക്കിയ വലിയ സുവിശേഷ പ്രഘോഷണമാണു സിഎംസി സന്യാസിനിമാരുടെ ഈ ഗാനമെന്ന് ബിഷപ് പറഞ്ഞു.
അക്കാപ്പെല്ലയുടെ പാരന്പര്യം
ഉപകരണ സംഗീതത്തിന്റെ അകന്പടിയില്ലാതെ ഗാനങ്ങൾ ആലപിക്കുന്ന വ്യത്യസ്തമായ ഗാനശാഖയാണ് അക്കാപ്പെല്ല. ചാപ്പൽ രീതി എന്നാണ് ഈ ഇറ്റാലിയൻ വാക്കിന്റെ അർഥം.
19ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചില ദേവാലയങ്ങളിൽ ഗാനാലാപനത്തിനു സംഗീതോപകരണങ്ങളുടെ അകന്പടി നിഷേധിക്കപ്പെട്ടപ്പോൾ ഒരുകൂട്ടം യുവാക്കൾ കണ്ഠനാദങ്ങളിലൂടെയും താളത്തിലുള്ള കൈയടികളിലൂടെയും അകന്പടിയൊരുക്കി പാടിയതാണ് അക്കാപ്പെല്ലയായി രൂപപ്പെട്ടത്.
ഇറ്റലിയിലെ ദേവാലയങ്ങളിലാണ് അക്കാപ്പെല്ല ആദ്യം ഉപയോഗിച്ചതും പ്രചാരം നേടിയതും. സംഘമായി ആലപിക്കാവുന്ന ഭക്തിഗാനങ്ങൾക്കാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
സിജോ പൈനാടത്ത്