മന്‍മോഹന്‍ സിംഗ് എന്നേക്കാള്‍ മികച്ച പ്രധാനമന്ത്രിയാകുമെന്ന് അറിയാമായിരുന്നു! എന്റെ പരിമിതികളും എനിക്കറിയാമായിരുന്നു; പ്രധാനമന്ത്രിയാകാത്തതിനെക്കുറിച്ച് സോണിയാഗാന്ധി ആദ്യമായി വെളിപ്പെടുത്തുന്നു

2004 ലും പിന്നീട് 2009 ലും കോണ്‍ഗ്രസ് അത്യുഗ്ര വിജയം നേടിയെങ്കിലും അന്നൊക്കെ വിജയത്തിന് ചുക്കാന്‍ പിടിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന സോണിയാ ഗാന്ധി അക്കാലങ്ങളില്‍ പ്രധാനമന്ത്രിയാകാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി ഇപ്പോള്‍.

കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുകയും സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുകും ചെയ്ത സാഹചര്യത്തിലാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്‍മോഹന്‍ സിംഗാണ് തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രിയാവുകയെന്നു തനിക്ക് അറിയാമായിരുന്നുവെന്നും സോണിയ പറഞ്ഞു. എന്റെ പരിമിതികള്‍ എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മികവും.

പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ 2019ല്‍ റായ്ബറേലിയില്‍നിന്നു തന്നെ ലോക്സഭയിലേക്കു മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തുകൊണ്ടുള്ള അടിച്ചമര്‍ത്തല്‍ ഭരണമാണു രാജ്യത്തു നിലവിലുള്ളതെന്നും സോണിയ ആരോപിച്ചു. ചരിത്രം മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക ഘടനതന്നെ മാറ്റിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പിന്നോട്ടാണു രാജ്യം സഞ്ചരിക്കുന്നത്.

മുന്‍പ് ഇന്ത്യ വലിയൊരു തമോഗര്‍ത്തമായിരുന്നുവെന്നും 2014നു ശേഷമാണു പുരോഗതിയിലേക്കു കുതിക്കാന്‍ തുടങ്ങിയതെന്നുമാണു പ്രചരിപ്പിക്കുന്നത്. ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്നതല്ലേ ഇത്തരം അസംബന്ധവാദങ്ങള്‍ സോണിയ ചോദിച്ചു. രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്രസംഗത്തിലും ചോദ്യോത്തര പരിപാടിയിലുമായി സോണിയ പങ്കുവച്ചു.

രാഹുല്‍ ഗാന്ധിക്ക് ഉപദേശങ്ങള്‍ നല്‍കാറുണ്ടോ എന്ന ചോദ്യത്തിന് രാഹുലിന് ഉത്തരവാദിത്തങ്ങള്‍ അറിയാം. എന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. അങ്ങോട്ട് ഉപദേശം നല്‍കേണ്ടതില്ല. മുതിര്‍ന്നവരോടൊപ്പം പുതുമുഖങ്ങളെയും കൊണ്ടുവന്നു പാര്‍ട്ടിയെ വളര്‍ത്തുകയാണു രാഹുലിന്റെ ലക്ഷ്യമെന്നും സോണിയ പറഞ്ഞു.

 

 

Related posts