കോണ്‍ഗ്രസ് പ്രകടനപത്രികയിലെ രാഹുൽ ഗാന്ധിയുടെ ചിത്രം സംബന്ധിച്ച് യുപിഎ ചെയർപേഴ്സണ്‍ സോണിയ ഗാന്ധിക്ക് അതൃപ്തിയെന്നു റിപ്പോർട്ട്. പ്രകടനപത്രികയിലെ ഒന്നാം പേജിൽ രാഹുലിന്റെ ചിത്രത്തിന്റെ വലിപ്പം കുറഞ്ഞുപോയതിൽ സോണിയ അമർഷം രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വലിയ ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രകടനപത്രികയുടെ ഒന്നാം പേജ്. രാഹുൽ ഗാന്ധിയുടെ ചിത്രവും കോണ്‍ഗ്രസ് ചിഹ്നവും താഴെയായി ചെറുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് മുൻ അധ്യക്ഷയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എന്നാൽ ചടങ്ങിൽ സോണിയ ഗാന്ധി ഒരു ചോദ്യങ്ങൾക്കുപോലും ഉത്തരം നൽകിയില്ല. ചടങ്ങിലാകെ അവർ അസ്വസ്ഥയായി കാണപ്പെട്ടു. അതേസമയം, രാഹുൽ ഗാന്ധിക്കു പുറമേ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുതിർന്ന നേതാവ് പി. ചിദംബരം, വക്താവ് രണ്‍ദീപ് സുർജെവാല എന്നിവരൊക്കെ ചടങ്ങിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.
തന്റെ ആശയം സംബന്ധിച്ച് എഐസിസി റിസർച്ച് വിഭാഗം തലവൻ രാജീവ് ഗൗഡയ്ക്ക് സോണിയ നിർദേശം നൽകിയിരുന്നതായാണു സൂചന. പ്രകടനപത്രിക പുറത്തിറങ്ങുന്ന ചടങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് സോണിയ രാജീവുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമായിരുന്നു ചടങ്ങിലുടനീളം സോണിയ മൗനം പാലിച്ചത്.