ലോകത്തിലെ ഏറ്റവും ക്രൂരരായ ജീവികള്‍ മനുഷ്യന്മാരാണെന്നു പറയാറുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിയാണുതാനും. കാരണം സ്വന്തം വര്‍ഗത്തില്‍പെട്ട സഹജീവികളോട് ഇത്രയധികം ക്രൂരതയോടെ പെരുമാറാന്‍ മനുഷ്യനേ കഴിയൂ. മനസില്‍ പക സൂക്ഷിക്കുന്ന ഒരേയൊരു ജീവിവര്‍ഗവും മനുഷ്യരായിരിക്കണം. മനുഷ്യന്റെ പകപോക്കലിനും മനോവൈകല്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ആസിഡ് ആക്രമണത്തിനിരയായവര്‍. ട്രാന്‍സ്ജെന്‍ഡറായ സോണിയ ഷെയ്ഖും ഇത്തരം ഇരകളിലൊരാളായിരുന്നു.
ജന്മം കൊണ്ട് മാത്രം ആണായിരുന്ന സോണിയ ഓര്മ വച്ച കാലം മുതല്‍ ഹൈദരാബാദിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ സുന്ദരിയായ നര്‍ത്തകിയായിരുന്നു. ഇപ്പോള്‍ മുഖം വികൃതമാക്കപ്പെട്ട് വലിഞ്ഞ് മുറുകുന്ന ശരീരവുമായി അവള് ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. സുന്ദരിയായ സോണിയയുമായി അടുക്കാനും പ്രണയം നടിച്ച് ശാരീരികമായി ഉപയോഗിക്കാനും പലരും സമീപിച്ചു. തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായ സോണിയ നൃത്തം ചെയ്തും അവതാരകയായുമൊക്കെ മാന്യമായി പണം കണ്ടെത്തി. ട്രാന്‍സ്ജെന്‍ഡര്‍ ആയത് കൊണ്ട് തന്നെ യഥാര്‍ത്ഥ പ്രണയവും വിവാഹവും ഒന്നും തനിക്കുണ്ടാകില്ല എന്ന് വിശ്വസിക്കേണ്ടി വന്നു സോണിയയ്ക്ക്. എന്നാല്‍ സോണിയയുടെ ഇരുപതാം വയസില്‍ നദീം എന്ന ചെറുപ്പക്കാരന് സൗഹൃദം പറഞ്ഞ് അവള്‍ക്ക് പിറകേ കൂടി. അത് പിന്നീട് പ്രണയമാകുകയായിരുന്നു.
വീട്ടുകാരെ അളവറ്റു സ്നേഹിച്ചിരുന്ന സോണിയ പക്ഷെ നദീമിന്റെ പിടിവാശികള്‍ക്ക് മുന്നില്‍ പലപ്പോഴും വഴങ്ങിയില്ല. എതിര്‍പ്പുകള്‍ വരുമ്പോള്‍ നദീം ഭീഷണിയുമായി സോണിയയുടെ വീട്ടിലെത്തും. ജോലി ചെയ്യാന്‍ പോലും തടസ്സമായപ്പോള്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന് തന്നെ സോണിയ തീരുമാനിച്ചു. പക്ഷെ നദീം വലിയ എതിര്‍പ്പാണ് കാണിച്ചത്. അത്രമേല്‍ സോണിയയെ സ്നേഹിക്കുന്നത് പോലെയായിരുന്നു നദീമിന്റെ പ്രതികരണം. അവസാനമായി ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍ സോണിയ നദീമിനോട് സമ്മതം മൂളിയത് പോലും അത് കൊണ്ടാണ്. എന്നാല്‍ ആ കൂടിക്കാഴ്ച സോണിയയുടെ ജീവിതം അപ്പാടെ മാറ്റിമറിച്ചു.
അന്ന് സോണിയയെ കാണാനെത്തിയത് നദീം മാത്രമായിരുന്നില്ല അയാളുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു ഒപ്പം. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കാറിലേക്ക് കയറ്റിയപ്പോഴാണ് സോണിയ ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്ന് വണ്ടിയില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഫാം ഹൗസില്‍ ഒരു ഫെയര്‍വെല്‍ പാര്‍ട്ടി ഉണ്ടെന്നും അതിനാണ് സുഹൃത്തുക്കള്‍ വന്നതെന്നും പറഞ്ഞ് നദീം സോണിയയെ ബലമായി കാറിനുള്ളില്‍ ഇരുത്തി. എന്നാല്‍ അവരുടെ പെരുമാറ്റത്തില്‍ നിന്ന് അപകടം മണത്ത സോണിയ പുറത്തേക്ക് ചാടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ കുറേ പുരുഷന്മാരുടെ മുമ്പില്‍ എല്ലാം നിഷ്ഫലമായി. നദിം അടക്കമുള്ള ആ കാപാലികര്‍ വണ്ടിയിലിട്ട് സോണിയയെ പിച്ചിച്ചീന്തി.
കാര്‍ കറങ്ങി തിരിഞ്ഞ് വീണ്ടും നഗരത്തിന്റെ അടുത്തെത്തിയപ്പോള്‍ വേദന കൊണ്ടും അപമാനം കൊണ്ടും അലറി വിളിക്കാന്‍ തുടങ്ങി സോണിയ. എന്നാല്‍ അവര്‍ റോഡിലേക്ക് തള്ളി ഇട്ട് വീണ്ടും വീണ്ടും അവളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. കാഴ്ച പോലും നഷ്ടപ്പെട്ട് പോകുമായിരുന്നുവെന്നും അത് കൂടെ നഷ്ടമായിരുന്നെങ്കില്‍ ജീവിതം പൂര്‍ണമായി ഇരുട്ടിലാകുമായിരുന്നുവെന്നും സോണിയ പറയുന്നു.നീങ്ങി നിരങ്ങി ജീവിതത്തിലേക്ക് പിടിച്ച് കയറുമ്പോള്‍ സമൂഹം അവഗണിച്ച ഒരു കുടുംബത്തിന്റെ മുഴുവന്‍ ചുമതലകള്‍ മാത്രമായിരുന്നു സോണിയയുടെ മനസില്‍. എന്നാല്‍ ജീവിക്കാന്‍ തന്നെ ഉറപ്പിച്ച് സോണിയ വന്നപ്പോള്‍ കൈത്താങ്ങായത് ആസി!ഡ് ആക്രമണത്തിന്റെ ഇരകളായവരുടെ മേക്ക് ലവ് നോട്ട് സ്കാര്‍സ് എന്ന സംഘടനയാണ്. ഇപ്പോള്‍ ക്രൗഡ് ഫണ്ടിങ് വഴി സോണിയയ്ക്ക് എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങാനും അവര്‍ സഹായിക്കുന്നു. ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് സോണിയ ഇപ്പോള്‍. അന്ന് സോണിയയെ ആക്രമിച്ച കാപാലികര്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നു എന്നത് മറ്റൊരു യാഥാര്‍ഥ്യവും.