ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധിക്കു മാത്രം ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. ജനുവരി 22 നാണ് പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.
എന്നാൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ക്ഷണം ലഭിച്ചേക്കില്ല. രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളിൽ ഉൾപ്പെട്ടെങ്കിൽ മാത്രമേ ചടങ്ങിലേക്ക് ക്ഷണം ലഭിക്കുകയുള്ളു. രാഹുലും പ്രിയങ്കയും ട്രസ്റ്റ് കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ചടങ്ങിലേക്ക് ഇരുവർക്കും ക്ഷണം ഉണ്ടായേക്കില്ലെന്നാണു വിവരം.
പ്രധാന പാർട്ടികളുടെ അധ്യക്ഷന്മാർ, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കന്മാർ, 1984 നും 1992 നും മധ്യേ രാമക്ഷേത്ര പ്രക്ഷോഭത്തിൽ പങ്കാളികളായവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽപ്പെടുത്തിയാണു ആളുകൾക്ക് ക്ഷണമുള്ളത്. ഇതിനു പുറമേ വ്യവസായ പ്രമുഖർക്കും സന്യാസിമാർക്കും കായികതാരങ്ങള്‍ക്കും കലാകാരന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.