ലക്നോ: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 14 വർഷമായി രാഹുൽ പ്രതിനിധീകരിക്കുന്ന കോണ്ഗ്രസ് ശക്തികേന്ദ്രമാണ് അമേഠി. രാഹുൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ തുടരവെയാണ് അദ്ദേഹം പത്രിക സമർപ്പിക്കുന്നത്. നേരത്തെ അദ്ദേഹം വയനാട്ടിലും പത്രിക സമർപ്പിച്ചിരുന്നു.
പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് അമേഠിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചിൽ രാഹുൽ റോഡ് ഷോ നടത്തും. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലിനൊപ്പം ചേർന്നേക്കുമെന്നാണു റിപ്പോർട്ടുകൾ.
ബിജെപിയുടെ സ്മൃതി ഇറാനിയാണ് തുടർച്ചയായ രണ്ടാം തവണയും രാഹുലിനെതിരേ മത്സരിക്കുന്നത്. ഇവർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ രാഹുലിനോടു പരാജയപ്പെട്ടെങ്കിലും 2019 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്മൃതി ഇറാനി തുടർച്ചയായി മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു.