ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനപ്രസംഗം നടത്തുന്പോൾ രാഹുൽ ഗാന്ധി മൊബൈൽ ഫോണിൽ. മുൻനിരയിൽ അമ്മ സോണിയ ഗാന്ധിയുടെ അടുത്താണു രാഹുൽ ഇരുന്നിരുന്നത്. പാർലമെന്റ് സെന്റർ ഹാളിൽ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച 11 മണി മുതൽ രാഹുൽ മൊബൈൽ ഫോണിൽ ബ്രൗസ് ചെയ്യുന്ന തിരക്കിലായിരുന്നു.
അതേസമയം, രാഷ്ട്രപതി ഉറി സർജിക്കൽ സ്ട്രൈക്കിനെയും ബാലാക്കോട്ട് വ്യോമാക്രമണത്തെയും അഭിനന്ദിച്ച് സംസാരിച്ചപ്പോൾ ഭരണപക്ഷത്തിനൊപ്പം സോണിയ ഗാന്ധിയും ഡസ്കിൽ അടിച്ച് അഭിനന്ദനത്തിൽ പങ്ക് ചേർന്നു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ആദ്യ 24 മിനിറ്റും രാഹുൽ തന്റെ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. ഇടയ്ക്കൊരുവേള ഫോണ് അഭിമുഖമായി പിടിച്ച് സെൽഫിയെടുത്ത് കുറച്ചുനേരം അതിൽ നോക്കി സ്വയം ആസ്വദിച്ചു. കുറച്ചു കഴിഞ്ഞ് സെൻട്രൽ ഹാളിലെ പുഷ്പാലങ്കാരങ്ങളുടെ ഒരു ചിത്രം കൂടിയെടുത്തു.
11.35 ആയപ്പോൾ ഒരു സെൽഫി കൂടി എടുത്തു സൂം ചെയ്തു നോക്കി. വീണ്ടും ഫോണിൽ തന്നെ മുഴുകി. മകന്റെ മൊബൈൽ കളി കൂടിയപ്പോൾ സോണിയ ഇടയ്ക്ക് ഒന്നു നോക്കി വിലക്കി. രാഹുൽ അതോടെ ഫോണെടുത്ത് മേശപ്പുറത്ത് വച്ച് അമ്മയുമായി സംസാരത്തിൽ മുഴുകി. ഇടയ്ക്ക് തൊട്ടു പിന്നിലിരുന്ന ആനന്ദ് ശർമയും സംസാരത്തിൽ പങ്കു ചേർന്നു.