നിയാസ് മുസ്തഫ
ഉത്തർപ്രദേശിൽ ഇന്നു നടക്കുന്നത് രണ്ട് വിഐപി റോഡ് ഷോകൾ. ഒന്ന് റായ്ബറേലിയിൽ ആണെങ്കിൽ മറ്റൊന്ന് അമേഠിയിൽ.റായ്ബറേലി ലോക്സഭാ മണ്ഡലത്തിലേക്ക് ഇന്ന് യുപിഎ മുൻ അധ്യക്ഷ സോണിയ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും. അമേഠിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയായ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും നാമനിർദേശ പത്രിക സമർപ്പിക്കും. മേയ് ആറിനാണ് റായ്ബറേലിയിലും അമേഠിയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത് അഞ്ചാം തവണയാണ് റായ്ബറേലിയിൽനിന്ന് സോണിയ ഗാന്ധി ജനവിധി തേടുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുമുന്പ് റായ്ബറേലിയിൽ റോഡ് ഷോ നടക്കും. സോണിയ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
അടുത്തിടെ കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി. സഖ്യങ്ങളുടെ ഭാഗമാകാതെ കോണ്ഗ്രസ് തനിച്ചാണ് ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. അതേസമയം, സഖ്യമായി മത്സരിക്കുന്ന എസ്പി- ബിഎസ്പി സഖ്യം സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വിജയം ഉറപ്പിക്കാനാണ് എസ്പി-ബിഎസ്പി സഖ്യം അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്താത്തത്. സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലേക്ക് ഇന്ന് നാമനിർദേപത്രിക സമർപ്പിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്പ് സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തും.
ഏപ്രിൽ 17നായിരുന്നു സ്മൃതി ഇറാനി നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചത്. പക്ഷേ അന്ന് മഹാവീർ ജയന്തിയുടെ അവധി ദിവസമായതിനാൽ ഇന്നത്തേക്ക് പത്രികാ സമർ പ്പണം മാറ്റുകയായിരുന്നു. ഇന്നലെ രാഹുൽഗാന്ധി അമേഠിയിൽ നാമനിർദേശിക പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കുന്നതിന് മുന്പ് റോഡ്ഷോയും നടത്തി. പ്രിയങ്കാ ഗാന്ധിയും റോബർട്ട് വദ്രയും ഇവരുടെ മക്കളായ റെയ്ഹാൻ, മിരായ എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.