പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ഒരു വർഷം കിട്ടിയിട്ടും കോവിഡിനെ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമായെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ദേശീയ വെല്ലുവിളിയെ രാഷ്ട്രീയത്തിനതീതമായി രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും വീഡിയോ കോണ്ഫറൻസിലൂടെനടന്ന കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ നിർദേശിച്ചു.
കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാരിനു തന്ത്രങ്ങളൊന്നും ഇല്ലാതായെന്നു മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പ്രതിരോധ പ്രവർത്തനങ്ങൾക്കു ഒരുക്കം നടത്താനായി ഒരു വർഷം കിട്ടിയിട്ടും കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനും ചികിൽസാ സൗകര്യങ്ങളൊരുക്കാനും സർക്കാരിന് കഴിയുന്നില്ലെന്നതു ഖേദകരമാണ്.
കേന്ദ്രത്തിന് ആശുപത്രി കിടക്കകൾ, മെഡിക്കൽ ഓക്സിജൻ, വാക്സിനുകൾ തുടങ്ങിയവയ്ക്കായി പലതവണ ആവശ്യപ്പെട്ടപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ’ഇടിവെട്ടു മൗന’ത്തിലാണെന്നു സോണിയ ആരോപിച്ചു.
25 വയസിനു മുകളിലുള്ള മുഴുവനാളുകൾക്കും എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നു കോണ്ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.
വാക്സിൻ ലഭിക്കാനുള്ള പ്രായപരിധി 45ൽ നിന്ന് 25 ആയി കുറയ്ക്കണം. ആവശ്യത്തിനു വാക്സിൻ ലഭ്യമാക്കുകയും വേണം.
പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിലും വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിലും കേന്ദ്രം പരാജയപ്പെട്ടുവെന്നു സോണിയ പറഞ്ഞു.