ചെറായി: രക്തേശ്വരി ബീച്ചിൽ മദ്യവില്പനശാല പ്രവർത്തിപ്പിക്കുന്നതിന് കണ്‍സ്യൂമർഫെഡിന് നൽകിയ പ്രവർത്തനാനുമതി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് എസ്. ശർമ്മ എംഎൽഎ എക്സൈസ് മന്ത്രിക്ക് കത്ത് നൽകി. പൊതുശ്മശാനം,പട്ടികജാതികോളനി, അങ്കണവാടി, വായനശാല, സാംസ്കാരികകേന്ദ്രം എന്നിവയോട് അടുത്തായി മദ്യവില്പനശാല ആരംഭിച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിലാണ്.
മദ്യവില്പനശാലയും ശ്മശാനവും തമ്മിലുള്ള ദൂരം 204 മീറ്ററായതിനാൽ ചട്ടമനുസരിച്ച് ദൂരപരിധി പാലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്‍സ്യൂമർഫെഡിന്റെ വാദം. എന്നാൽ പൂർണമായും ചട്ടങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടുള്ള തീരുമാനം സാമൂഹ്യമായ കാഴ്ചപ്പാടിനും യുക്തിക്കും ധാർമികതക്കും നിരക്കുന്നതല്ല.
ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെ പൊതുവികാരം കണക്കിലെടുത്ത് മദ്യവില്പനശാലയുടെ പ്രവർത്തനാനുമതി റദ്ദുചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം.