സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഒരു നായകനാണ് നടന്‍ സോനു സൂദ്. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് സോനു.
കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്തും സോനുവിന്റെ സഹായഹസ്തങ്ങള്‍ വെറുതെയിരുന്നില്ല. ഡാന്‍സ് ദിവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സോനുവിനോട് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്.
ഇത് കേട്ട സോനു, നീമുചിനോട് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളോടും പേടികൂടാതെ ഇരിക്കാനും ലോക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും കാര്യം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞത്.
ലോക്ഡൗണ്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നീമുച് ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുമെന്ന് സോനു സൂദ് പറഞ്ഞു.
മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ ഉയരുകയാണ്. കോവിഡ് മൂലം അനേകം ജീവനുകളും നഷ്ടമായി .
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലെ അനേകം ഗ്രാമങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉദയ് തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ അവസ്ഥ റിയാലിറ്റി ഷോയില്‍ പറഞ്ഞത്.
തുടര്‍ന്ന് ആണ് സോനു, നീമുച് എന്ന ഗ്രാമം ഏറ്റെടുത്തത്. കോവിഡ് ഒന്നാം തരംഗം ഉണ്ടായപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സോനു സൂദ് സഹായിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഈ സമയത്തും ഓക്‌സിജന്‍ സിലിണ്ടറുകളും കിടക്കകളും നല്‍കി സോനു സൂദ് ജനങ്ങളെ സഹായിക്കുന്നു. നിരവധി ആളുകളാണ് സോനുവിന്റെ ഈ നന്മ പ്രവൃത്തികളെ പ്രശംസിച്ച് രംഗത്തു വരുന്നത്.