മുംബൈ: വീട് ഹോട്ടലാക്കി മാറ്റിയെന്നാരോപിച്ച് ബോളിവുഡ് നടൻ സോനു സൂദിനെതിരെ പരാതി. ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി.
ജുഹുവിലെ ശക്തിസാഗർ ആറു നില പാർപ്പിട സമുച്ചയം അനുമതിയില്ലാതെ ഹോട്ടലാക്കിയെന്നാണ് പരാതി. എന്നാൽ ആരോപണം സോനു സൂദ് നിഷേധിച്ചു.
താൻ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്നും മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സൂദ് പറയുന്നു.
കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റൈൻ സൗകര്യങ്ങൾക്കായി താരം വാഗ്ദാനം ചെയ്തിരുന്നു.
ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ അനധികൃത നിർമാണം പൊളിച്ചതിനു പിന്നാലെ സോനു സൂദിനെതിരായ നീക്കവും ചര്‍ച്ചയാവുകയാണ്. അനധികൃത നിർമാണത്തിനെതിരെ താരത്തിന് നേരത്തെ ബിഎംസി നോട്ടീസ് അയച്ചിരുന്നു.
എന്നാൽ നിർമാണം തുടരുകയായിരുന്നു. അതോടെയാണ് നഗരസഭ പോലീസിനെ സമീപിച്ചത്. കെട്ടിടത്തില്‍ ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. ജനുവരി നാലിന് നടത്തിയ പരിശോധനയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി, മറ്റ് നടപടികളിലേക്ക് പോകുകയായിരുന്നു.