ഇന്തോനേഷ്യയിൽ നിന്നും 189 യാത്രക്കാരുമായി ജക്കാർത്തയിലെ ബങ്കാ ദ്വീപിലെ പിനാങ്കിലേക്കു പുറപ്പെട്ട ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം തകർന്നു വീണത് ഏറെ ദുഖത്തോടെയാണ് ലോകം അറിഞ്ഞത്. ഇപ്പോഴിതാ ഗതാഗത കുരുക്കിൽപ്പെട്ടതിനാൽ ഈ വിമാനം നഷ്ടമായ ഒരാൾ തന്റെ ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്.
ഇന്തോനേഷ്യയിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ സോണി സെതിയവാൻ എന്നയാൾക്കാണ് ട്രാഫിക് കുരുക്ക് ജീവൻ തിരികെ നൽകിയത്. പുലർച്ചെ മൂന്നു മണിക്ക് എയർപോർട്ടിലേക്ക് സോണി പുറപ്പെട്ടുവെങ്കിലും മൂന്നു മണിക്കൂർ ഗതാഗത കുരുക്കിൽ കിടന്നതിനു ശേഷമാണ് എയർപോർട്ടിലെത്തിയത്. അപ്പോഴേക്കും വിമാനം പോയിരുന്നു.
സോണിയും ആറ് സുഹൃത്തുക്കളും ആഴ്ച്ചയിലൊരിക്കൽ ഈ വിമാനത്തിലാണ് ഒൗദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്തിരുന്നത്. എന്നാൽ എയർപോർട്ടിൽ എത്തുവാൻ താമസിച്ചതിനാൽ സുഹൃത്തുക്കൾക്കൊപ്പം ഈ വിമാനത്തിൽ പോകുവാൻ അദ്ദേഹത്തിനായില്ല.
ജീവൻ തിരികെ ലഭിച്ചുവെങ്കിലും തന്റെ സുഹൃത്തുക്കളെ നഷ്ടമായതിന്റെ ദുഖത്തിൽ പൊട്ടിക്കരയുകയാണ് സോണി. അടുത്ത വിമാനത്തിൽ പങ്കൽ പിനാങ്കിൽ എത്തിയപ്പോഴാണ് വിമാന അപകടത്തിന്റെ കാര്യം അദ്ദേഹം അറിയുന്നത്.
സംഭവം അറിഞ്ഞ് വീട്ടിൽ നിന്നും അമ്മയും മറ്റും വളരെ ആശങ്കാകുലരായാണ് എന്നെ ഫോണ്‍ വിളിച്ചതെന്നും എന്നാൽ വിമാനം എനിക്ക് നഷ്ടമായിരുന്നുവെന്ന് അറിഞ്ഞപ്പോഴാണ് അവർക്ക് സമാധാനമായതെന്നും അദ്ദേഹം പറഞ്ഞു.