തലശേരി: 11 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യാ വിഷൻ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന കൂത്തുപറമ്പ് നീർവേലി സ്വദേശി സോണി എം.ഭട്ടതിരിപ്പാടിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയിൽ. ഘോരവനവും അഗാധഗർത്തങ്ങളും നിറഞ്ഞ കുടജാദ്രിയിലാണ് സോണിയുടെ സാന്നിധ്യം ഒടുവിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ഈ സാഹചര്യത്തിലാണ് കർണാടക സർക്കാരിന്റെ സഹായത്തോടെ കുടജാദ്രിയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. കേരള-കർണാടക പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസ്, കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പി. വിനോദ്, എസ്ഐ കൃഷ്ണൻ, എഎസ്ഐമാരായ രഞ്ജിത്ത്, മധു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. സോണിയുടെ ഭാര്യ ഡോ.സീമ ഉൾപ്പെടെയുള്ളവരിൽ നിന്നും ക്രൈംബ്രാഞ്ച് വിശദമായ മൊഴികൾ രേഖപ്പെടുത്തി.
2008 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് അന്താരാഷ്ട്രചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാൻ എറണാകുളത്തെ വീട്ടിൽ നിന്നും സോണി ഗോവയിലേക്ക് പോയത്. ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെകുറിച്ചുള്ള വാർത്തകൾ ചെയ്തിരുന്നു. ഭാര്യ ഡോ.സീമയെയും ഇടയ്ക്ക് വിളിച്ചിരുന്നു. പിന്നീട് പെട്ടെന്ന് ഒരു ദിവസം ഫോൺവിളിയും വാർത്തകൾ അയക്കുന്നതും നിലച്ചു.
ടിവിയില്‍ വാര്‍ത്തയും വീട്ടിലേക്ക് ഫോണും വരാതായതോടെ ഭാര്യ സീമ സോണിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ നിശ്ചലമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സോണി മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. അടുത്തദിവസം തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നുള്ള സൂചനയും ലഭിച്ചു. പിന്നീട് സോണിയെകുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
പോലീസ് അന്വേഷണത്തിൽ മംഗലാപുരത്ത് നിന്നും സോണി ട്രെയിൻ മാർഗം കാഞ്ഞങ്ങാട് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇടയ്ക്ക് വീട്ടില്‍ പറയാതെ ആഴ്ചകളോളം മാറിനില്‍ക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതല്‍ അന്വേഷണമൊന്നും നടന്നിരുന്നില്ല.. മാസങ്ങള്‍ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ സീമ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനും ഗോവ പോലീസിലും പരാതി നല്‍കുകയായിരുന്നു.
ലോക്കൽ പോലീസിന്റെ അന്വേഷണത്തില്‍ സോണിയെകുറിച്ച് യാതൊരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മട്ടന്നൂര്‍ ശിവപുരം ഹൈസ്കൂളിലെ റിട്ട.മുഖ്യാധ്യാപകൻ പദ്മനാഭന് നമ്പൂതിരിയുടെയും നഗരസഭ കൗൺസിലറായിരുന്ന സുവര്‍ണനി അന്തര്‍ജ്ജനത്തിന്റെയും മകനാണ് സോണി.