ആലക്കോട്(കണ്ണൂർ): സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മൊഴി ഇന്ന് ആലക്കോട് പോലീസ് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാവിനെതിരേ കേസെടുത്തേക്കും. നിലവിൽ പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിച്ച് നടന്നു കൊണ്ടിരിക്കുന്പോഴാണ്
ഫേസ്ബുക്ക് ഐഡി
ജോണ്‍ ജോസഫ് എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്നു സോണി സെബാസ്റ്റ്യനെതിരേ വ്യാജ പ്രചാരണവും ആക്ഷേപ പോസ്റ്റുകളും വന്നുകൊണ്ടിരുന്നു.”അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്.
ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി വരുന്നത് വളരെ ഏറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്? കൂടെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് കേസിന്റെ പകര്‍പ്പും കോടതി ഉത്തരവിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്.
ഇതു സമൂഹ മാധ്യമങ്ങളില്‍ കൂടി എതിര് ഗ്രൂപ്പുകാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 12ന് വീണ്ടും ഈ പ്രൊഫൈല്‍ ഉപയോഗിച്ച് “ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു എങ്കിൽ കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ തന്നെ സ്ഥാനാർഥി ആക്കണം എന്നു വാശി പിടിച്ചതുകൊണ്ടല്ലേ ?എന്ന പോസ്റ്റും ചെയ്തിട്ടുണ്ട്. ഇതിനെതിരെ സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.
പങ്കില്ലെന്നു നേതാവ്
തുടര്‍ന്നു സൈബര്‍ സെൽ നടത്തിയ അന്വേഷണത്തില്‍ “ജോണ്‍ ജോസഫ്” എന്ന പ്രൊഫൈൽ ഐഡിയുടെ ഐപി അഡ്രസ് യുഡിഎഫ് ജില്ലാ ചെയർമാനും എ ഗ്രൂപ്പ് നേതാവുമായ പി.ടി. മാത്യുവിന്റെ ലാൻഡ് നന്പറാണെന്നു കണ്ടെത്തി. തുടർന്നു പി.ടി. മാത്യുവിനെ ആലക്കോട് പോലീസ് ചോദ്യം ചെയ്തു.
ലാൻഡ് ഫോൺ നന്പർ തന്റേതെന്നു സമ്മതിക്കുകയും സംഭവത്തിൽ തനിക്കു പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്നു ഡിസിസി നേതൃത്വം അറിയിച്ചു.