തിരുവനന്തപുരം : കാലിന്റെ ഉപ്പൂറ്റിയിൽ തുളച്ചുകയറിയ സൂചി 37 വർഷത്തിന് ശേഷം പുറത്തെടുത്തു. പെരിങ്ങമ്മല സ്വദേശിനി നുജുമിനിസ (49) യുടെ കാലിൽ തറച്ച സൂചി ആണ് പുറത്തെടുത്തത്. ഒരു മില്ലിമീറ്റർ കനവും ഒരു സെൻറീമീറ്റർ നീളവും ഉള്ളതാണ് സൂചി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ 12 വയസ്സിലാണ് കാലിൽ സൂചി തറച്ചത്. അന്ന് രക്ഷിതാക്കൾ സൂചിയുടെ കുറച്ചു ഭാഗം പുറത്തെടുത്തിരുന്നു. എന്നാൽ ചികിത്സിച്ചിട്ടും മുറിവുണങ്ങാൻ വന്നതോടെയാണ് മെഡിക്കൽ കോളജിൽ എത്തിയത്. പരിശോധനയിൽ എല്ലിന്റെ ഇടയിലേക്ക് സൂചി കയറിയതായി കണ്ടെത്തി.
അന്ന് ഡോക്ടർമാരെ കാണിച്ചു എങ്കിലും സൂചി പുറത്തെടുക്കാൻ പ്രയാസം എന്ന് അറിയിക്കുകയായിരുന്നു. അടുത്തകാലത്ത് കടുത്ത വേദന അനുഭവപ്പെട്ടതോടെ ആണ് വീണ്ടും ചികിത്സയ്ക്ക് എത്തിയത്. ഡോ. എം ശബരി ശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൂചി പുറത്തെടുത്തത്. നുജുമിനിസ സുഖം പ്രാപിച്ചിട്ടുണ്ട്.