മുണ്ടക്കൈ: സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ ആറു മനുഷ്യജീവനുകളെ വനപാലകർ രക്ഷപ്പെടുത്തിയത് മണിക്കൂറുകൾനീണ്ട അതീവദുഷ്കരമായ ഓപ്പറേഷനിലൂടെ.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തുള്ള ഏറാക്കുണ്ട് കോളനിയിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ എന്നിവരടങ്ങിയ കുടുംബത്തിനാണു വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെ മനോധൈര്യവും സാഹസികതയും രക്ഷയായത്.
10 കയറുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ചു കയറിയായിരുന്നു രക്ഷാദൗത്യം. കൈയൊന്നു വിട്ടുപോയാൽ ശരീരം ചിന്നിച്ചിതറുന്ന കൊടും ഗർത്തങ്ങൾ അതിസാഹസികമായി താണ്ടിയാണ് ആറുപേരെയും വനപാലകർ പുറംലോകത്ത് എത്തിച്ചത്.
ഉരുൾപൊട്ടലിനെത്തുടർന്ന് സൂചിപ്പാറ വെള്ളച്ചാട്ടം പേടിപ്പെടുത്തുന്ന വിധം രൗദ്രമായാണ് കുതിച്ചൊഴുകുന്നത്. ഇതോടെ എങ്ങോട്ടും പോകാനാകാതെ കൃഷ്ണനും കുടുംബവും വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു.
വനത്തിൽ മണ്‍തിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം മഴ കനത്തതോടെ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുന്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ശാന്തയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം വീട്ടിലേക്കു തിരിച്ചു. കാട്ടിൽനിന്നു പുറത്തുവരാൻ കുടുംബം ആദ്യം മടി കാണിച്ചിരുന്നു. ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസിലാക്കിയതോടെ കുടുംബം വരാൻ തയാറാകുകയായിരുന്നുവെന്ന് കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആഷിഫ് കേളോത്ത് പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. അനിൽകുമാർ, കൽപ്പറ്റ റാപിഡ് സ്െപോണ്സ് ടീം അംഗം അനൂപ് തോമസ് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.