തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഒന്നാം സാക്ഷി മമ്പള്ളി സത്യനെ കോടതിയിൽ വിസ്തരിച്ചു. കൊലയാളിസംഘത്തിലെ അഞ്ചുപേരെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
മൂന്നാം പ്രതി മഴുകൊണ്ട് തലയ്ക്കും നാലാം പ്രതിയും അഞ്ചാം പ്രതിയും വാളുകൊണ്ട് കഴുത്തിനും വെട്ടുന്നത് കണ്ടതായും സാക്ഷി കോടതിയിൽ മൊഴി നൽകി. 44 സാക്ഷികളാണ് ഈ കേസിൽ ഉള്ളത്. 12 പ്രതികളുള്ള കേസിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ. രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് പണിക്കന്റവിട പ്രഭാകരൻ മാസ്റ്റർ (66), മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പുതുശേരി വീട്ടിൽ ചോയി പപ്പൻ എന്ന പദ്മനാഭൻ (67), മുഴപ്പിലങ്ങാട് കരിയില വളപ്പിൽ മാനോമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൽമൂല നാഗത്താൻ കോട്ട പ്രകാശൻ (56), മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ സോപാനത്തിൽ പുതിയപുരയിൽ പ്രദീപൻ ( 58) എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
മക്രേരി തെക്കുമ്പാടൻപൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ പി.കെ. ഷംസുദീൻ എന്നീ പ്രതികൾ മരണമടഞ്ഞിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്നുപേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.4 ന് മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിനു സമീപം വച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നിരുന്നു. 2004 ൽ സൂരജിന് നേരേ വധശ്രമം നടന്നിരുന്നു.