തലശേരി: മുഴപ്പിലങ്ങാട്ടെ ബി ജെ പി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തു. പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ ഇന്ന് വാദം നടക്കും. 28 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു.
ഒമ്പത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ രണ്ട് സാക്ഷികൾ കൂറുമുറി.44 സാക്ഷികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു.
പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40) എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), കൂത്തു പറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം മനോരാജ് എന്ന നാരായണൻകുട്ടി (51) മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് പണിക്കന്റ വിട പ്രഭാകരൻ മാസ്റ്റർ (66), മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പുതുശേരി വീട്ടിൽ ചോയി പപ്പൻ എന്ന പത്മനാഭൻ(67) മുഴപ്പിലങ്ങാട് കരിയില വളപ്പിൽ മാനോമ്പേത്ത് രാധാകൃഷ്ണൻ (60) എടക്കാട് കണ്ണവത്തിൽമൂല നാഗത്താൻ കോട്ട പ്രകാശൻ (56) മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ സോപാനത്തിൽ പുതിയ പുരയിൽ പ്രദീപൻ (58) എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
മക്രേരി തെക്കുമ്പാടൻ പൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ പി.കെ. ഷംസുദീൻ എന്നീ പ്രതികൾ മരണപ്പെട്ടിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40 ന് മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപം വച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് 2004 ൽ സൂരജിന് നേരെ വധശ്രമം നടന്നിരുന്നു. ആറു മാസത്തോളം ചികിത്സയിലായിരുന്ന സൂരജിനെ 2005ൽ കൊലപ്പെടുത്തുകയായിരുന്നു.