കോട്ടയം: ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥി സൂരജ് സെബാസ്റ്റ്യനെ ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി സിബിഐക്ക് നിർദേശം നല്കി കേസ് മൂന്നു മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി.
കാണക്കാരി തെക്കേചരിവിൽ ടി.വി. സെബാസ്റ്റ്യന്റെ മകൻ സൂരജ് സെബാസ്റ്റ്യനെ 2009 മേയ് അഞ്ചിനാണു പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 13 സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലാസ യാത്രയ്ക്കു പോയതായിരുന്നു സൂരജ്. ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളുടെ മൊഴിയിൽ സൂരജ് വെള്ളത്തിൽ മുങ്ങിയിട്ടില്ലെന്നും പിറ്റേന്ന് ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണു വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണം എന്നാണു കണ്ടെത്തിയത്.
കഴുത്തിൽ പരിക്ക് ഉണ്ടായിരുന്നതായും കണ്ടെത്തി. വിദഗ്ധരായ മൂന്നു ഡോക്ടർമാർ മുങ്ങി മരണമെന്നും ഒരു ഡോക്ടർ എതിർ അഭിപ്രായവും രേഖപ്പെടുത്തി. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ 2017 ജൂലൈ 14നാണു കേസ് സിബിഐക്കു കൈമാറിയത്.
ഒരു വർഷമായിട്ടും സിബിഐ അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി സൂരജിന്റെ പിതാവ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷം അന്വേഷണം നടത്തിയിട്ടും നാലു ഡോക്ടർമാരെ നേരിട്ടു കണ്ടു ചോദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ ബോധിപ്പിച്ചു.
കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു സിബിഐ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നല്കി.