കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
തൃശൂരിലെ ഒരു സിനിമാ പ്രവർത്തകയെയും പ്രതി ഇതേ രീതിയിൽ ചാനലിലൂടെ അപമാനിച്ചിട്ടുണ്ടെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു.
ഇക്കാര്യത്തിൽ നിജസ്ഥിതി അറിയിക്കാൻ നിർദ്ദേശിച്ചാണ് ജസ്റ്റീസ് മേരി ജോസഫ് ഹർജി ഇന്നു പരിഗണിക്കാനായി മാറ്റിയത്.
ഒരു വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ തയാറാക്കാൻ നിർബന്ധിച്ചെന്നും ഇതിനു സമ്മതിക്കാത്തതിനാൽ തന്നോടു മോശമായി പെരുമാറിയെന്നുമാരോപിച്ച് പരാതിക്കാരി നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനുശേഷം സൂരജ് പാലാക്കാരൻ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി മറ്റൊരു പരാതി നൽകി.
ഈ പരാതിയിൽ ജൂണ്‍ 29 ന് സൂരജ് പാലാക്കാരൻ അറസ്റ്റിലായി. തുടർന്ന് നൽകിയ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.