സി.സി.സോമൻ
കോട്ടയം: ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥി ഏറ്റുമാനൂർ കുറുമണ്ണൂർ തെക്കേചരിവിൽ സൂരജ് സെബാസ്റ്റ്യന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് സൂരജിന്റെ പിതാവ് ഡിജിപി, ക്രൈംബ്രാഞ്ച് എസ്പി എന്നിവർക്കെതിരേ ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയുന്നതിനായി ജഡ്ജി ഏബ്രഹാം മാത്യു മാറ്റിവച്ചു.
2009 മെയ് ആറിന് വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉയർന്നത്. മരിച്ച സൂരജിന്റെ കഴുത്തിൽ മൂന്നു പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പോലീസ് ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ.ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ ബോധിപ്പിച്ചു.
സൂരജ് വെള്ളത്തിൽ വീണാണ് മരിച്ചതെന്നും കഴുത്തിൽ അമർത്തിപ്പിടിച്ചതാണ് പരിക്കുകളെന്നുമാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. കഴിഞ്ഞ എട്ടു വർഷമായി പോലീസ് അന്വേഷണം നടത്തിയിട്ടും സത്യം കണ്ടെത്താത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ഏർപ്പെടുത്തണമെന്നും ടോം ജോസ് പടിഞ്ഞാറേക്കര വാദിച്ചു. മകന്റെ മരണത്തെ സംബന്ധിച്ച സത്യം പുറത്തുവരണമെന്നത് പിതാവിന്റെ അവസാന ആഗ്രഹമാണെന്നും അദേഹം കോടതിയിൽ പറഞ്ഞു.
കോളജ് യൂണിയൻ ചെയർമാൻ കൂടിയായ സൂരജ് 2009 മെയ് അഞ്ചിന് 13 സുഹൃത്തുക്കളുമൊത്ത് ഹൗസ് ബോട്ടിൽ ആലപ്പുഴ വേന്പനാട്ട് കാലയിൽ ഉല്ലാസ യാത്രയ്ക്ക് പോയി. പിറ്റേന്ന് ഹൗസ് ബോട്ടിലെ ഒരു ബഡ് റൂമിൽ സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാരുടെ മൊഴിയിൽ സൂരജ് വെള്ളത്തിൽ വീണിട്ടില്ലെന്നും രാത്രിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന സൂരജിനെ രാവിലെ വിളിച്ചുണർത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ്.
ആദ്യം ഹൃദയാഘാതമെന്ന് കരുതി ലോക്കൽ പോലീസ് അന്വേഷിച്ചു. പിന്നീട് 2010ൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിയായിരുന്നു സൂരജ്. കോഴ്സ് കഴിഞ്ഞതിനെ തുടർന്ന് കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്രയ്ക്ക് പോയതായിരുന്നു. നല്ലൊരു പ്രാസംഗികൻ കൂടിയായ സൂരജ് കോളജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കോട്ടയം റബർമാർക്കറ്റിംഗ് സഹകരണ സംഘം ജീവനക്കാരനായിരുന്നു സൂരജിന്റെ പിതാവ് സെബാസ്റ്റ്യൻ. മാന്നാനം കടുന്പശേരിൽ കുടുംബാംഗം സാലിയാണ് മാതാവ്. സുമി, അജീഷ് (നഴ്സ് ) എന്നിവർ സഹോദരങ്ങളാണ്.